കിഴുത്താണിയിൽ ആറുപേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ
text_fieldsഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ കിഴുത്താണിയിൽ ആറുപേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കാറളം മൃഗാശുപത്രിയുടെ നിരീക്ഷണത്തിൽ ചെമ്മണ്ടയിലെ ഡോഗ് ഷെൽട്ടറിൽ കഴിഞ്ഞിരുന്ന നായയെ ബുധനാഴ്ച പുലർച്ചെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ പഞ്ചായത്തിന്റെയും മൃഗ സംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ വെള്ളിയാഴ്ച പഞ്ചായത്തിലെ ആറാം വാർഡിൽ പറളം-കിഴുത്താണി പ്രദേശത്ത് തെരുവുനായ്ക്കളുടെ വാക്സിനേഷൻ നടത്തുന്നുണ്ട്. മൃഗ സംരക്ഷണ വകുപ്പിൽ നിന്നുള്ള പരിശീലനം നേടിയ തളിക്കുളത്തുള്ള അനിമൽ റെസ്ക്യൂ ടീമിലെ ആറ് പേരും രണ്ട് വാക്സിനേറ്റർമാരുടെയും നേതൃത്വത്തിലാണ് വാക്സിനേഷൻ നടക്കുക. രണ്ട് വർഷങ്ങളിലും മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഇരുനൂറോളം തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകിയിരുന്നു.

