വെള്ളാങ്ങല്ലൂരിൽ വീട്ടമ്മയുടെ മാലപൊട്ടിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsഇമ്മാനുവല്‍, സുഹൈദ്
ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂരിൽ വീട്ടമ്മയുടെ സ്വർണമാല ബൈക്കിലെത്തി പൊട്ടിച്ച രണ്ടുപേരെ ദിവസങ്ങൾക്കുള്ളിൽ പിടികൂടി. എളമക്കര സ്വദേശി അറക്കൽ വീട്ടിൽ ഇമ്മാനുവൽ (25), കലൂർ കണയന്നൂർ ഉഴിപറമ്പിൽ സുഹൈദ് (27) എന്നിവരെയാണ് റൂറൽ എസ്.പി ഐശ്വര്യ ഡോങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ സംഘം പിടികൂടിയത്.
ദുഃഖവെള്ളിയാഴ്ച രാവിലെ പള്ളിയിൽ പോയി മടങ്ങുമ്പോഴാണ് കൽപ്പറമ്പ് സ്വദേശിനിയുടെ നാലര പവന്റെ മാല ന്യൂജെൻ ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. ഒന്നാം പ്രതി ഇമ്മാനുവൽ എളമക്കര സ്റ്റേഷനിൽ എം.ഡി.എം.എ കേസിലെ പ്രതിയാണ്. രണ്ടാം പ്രതി സുഹൈദ് കള്ളനോട്ട് കേസിലെ പ്രതിയാണ്.
ഇരിങ്ങാലക്കുട എസ്.ഐ എം.എസ്. ഷാജൻ, എസ്.സി.പി.ഒമാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ, വി.വി. നിധിൻ, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, എസ്. സജു, എസ്. സന്തോഷ് കുമാർ, മുകേഷ്, എം. ഷംനാഫ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.