കുപ്രസിദ്ധ മോഷ്ടാവ് റിജു പിടിയിൽ
text_fieldsറിജു
ഇരിങ്ങാലക്കുട: കുപ്രസിദ്ധ മോഷ്ടാവ് വെള്ളാങ്ങല്ലൂർ എട്ടങ്ങാടി സ്വദേശി ‘ഇളമനസ് റിജു’ എന്ന റിജു (25) കാട്ടൂർ പൊലീസിന്റെ പിടിയിലായി. എടക്കുളം സ്വദേശി പോളിന്റെ സ്കൂട്ടർ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. എടക്കുളത്തുള്ള സ്വന്തം പറമ്പിലേക്ക് സ്കൂട്ടറിൽ വന്ന പോൾ വണ്ടി ഗേറ്റിനടുത്ത് വെച്ച് പറമ്പിലേക്ക് പോയപ്പോഴാണ് റിജു മോഷ്ടിച്ചത്.
സി.സി.ടി.വികളും മറ്റും കേന്ദ്രീകരിച്ച് കാട്ടൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. നെടുമ്പാൾ കോന്തിപുലം പാടത്ത് ഒളിപ്പിച്ച് വെച്ച സ്കൂട്ടർ പൊലീസ് കണ്ടെടുത്തു. റിജുവിനെതിരെ ഇരിങ്ങാലക്കുട, ആളൂർ, കയ്പമംഗലം, കൊടുങ്ങല്ലൂർ, മതിലകം, വടക്കാഞ്ചേരി സ്റ്റേഷനുകളിലായി 12 കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കാട്ടൂർ സ്റ്റേഷനിലെ എസ്.ഐമാരായ ഹബീബ്, മണികണ്ഠൻ, ഗ്രേഡ് എസ്.ഐ വിജു, എ.എസ്.ഐ ശ്രീജിത്ത്, സി.പി.ഒമാരായ ബിന്നൽ, ശബരി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.