വായ്പ നൽകാത്തതിന് ബാങ്ക് മാനേജറെ ആക്രമിച്ചു; പ്രതി പിടിയിൽ
text_fieldsഅറസ്റ്റിലായ വിജയരാഘവൻ
കാട്ടൂർ: വായ്പ നൽകാത്തത്തിെൻറ പേരിൽ ബാങ്ക് മാനേജറെ ആക്രമിച്ചയാൾ അറസ്റ്റിൽ. കാട്ടൂർ പൊഞ്ഞനം എസ്.എൻ.ഡി.പി സ്വദേശി കതിരപ്പള്ളി വിജയരാഘവനെയാണ് (64) കാട്ടൂർ സി.ഐ എം.കെ. സജീവും സംഘവും അറസ്റ്റ് ചെയ്തത്.
കാട്ടൂർ ബസാറിന് സമീപത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ കണ്ണൂർ സ്വദേശി വി.പി. രാജേഷിനാണ് കമ്പിവടികൊണ്ട് തലക്കടിയേറ്റത്. ബുധനാഴ്ച രാവിലെ ബാങ്ക് തുറക്കാൻ എത്തിയപ്പോൾ പ്രതി പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു.
സംഭവശേഷം പ്രതി സ്കൂട്ടറിൽ രക്ഷപ്പെട്ടു. ഹെൽമെറ്റ് വെച്ചിരുന്നതിനാൽ ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് സി.സി ടി.വി കാമറകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ബാങ്കിൽനിന്ന് സ്ഥിരമായി കാർഷിക വായ്പ എടുക്കുന്നയാളാണ് വിജയരാഘവൻ.
മൂന്നുമാസം മുമ്പ് മാനേജറായി എത്തിയ രാജേഷ് വായ്പ നൽകാൻ വൈകിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. രാജേഷ് പരിക്കുകളോടെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

