തുടര്‍ഭരണത്തിന് എല്‍.ഡി.എഫ്; പിടിച്ചെടുക്കാന്‍ യു.ഡി.എഫ്
text_fieldsഇരിങ്ങാലക്കുട: കാലങ്ങളായി ഭരണത്തിലുളള ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ മുഴുവന്‍ ഡിവിഷനുകളും പിടിച്ചെടുക്കാനുളള അശ്രാന്ത പരിശ്രമത്തിലാണ് എല്‍.ഡി.എഫ്. എന്നാല്‍, അട്ടിമറിജയം നേടാനുളള അടവുകളുമായി യു.ഡി.എഫ് രംഗത്തുണ്ട്. എങ്ങനെയെങ്കിലും സാന്നിധ്യമറിയിക്കാനുളള കഠിനപരിശ്രമത്തിലാണ് എന്‍.ഡി.എ. പറപ്പൂക്കര, മുരിയാട്, കാട്ടൂര്‍, കാറളം എന്നീ പഞ്ചായത്തുകളിലായാണ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് നിലകൊളളുന്നത്.
2020 ല്‍ 13 ഡിവിഷനുകളാണുണ്ടായിരുന്നത്. എല്‍ ഡി.എഫിന് 12 ഡിവിഷനുകളില്‍ വിജയിക്കാനായപ്പോള്‍ ഒരു ഡിവിഷനില്‍ മാത്രമേ യു.ഡി.എഫിന് വിജയിക്കാനായുളളൂ. മുരിയാട്, പറപ്പൂക്കര, കാട്ടൂര്‍, കാറളം പഞ്ചായത്തുകളിൽ ഭരണത്തിൽ എല്‍.ഡി.എഫാണ്. ഒരു ഡിവിഷന്‍ കൂടി വർധിച്ച് 14 ഡിവിഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ്. നടപ്പാക്കിയ ജനോപകാരപ്രദമായ കാര്യങ്ങളാണ് എല്‍.ഡി.എഫ് നേട്ടങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
കാര്‍ഷിക രംഗത്തും കുടിവെളള പദ്ധതിയിലും ചികിത്സാരംഗത്തും അപൂര്‍വനേട്ടം കൈവരിക്കാന്‍ സാധിച്ചതായി എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. വിമതശല്യം ഇത്തവണ ബാധിച്ചിട്ടില്ലെന്നാണ് യു.ഡി.എഫ് നേത്യത്വം വ്യക്തമാക്കുന്നത്. മാറിയ രാഷ്ടീയ അന്തരീക്ഷവും യു.ഡി.എഫിലെ ഐക്യവും ഇരിങ്ങാലക്കുടയിൽ സഹായകുമെന്നാണ് അവരുടെ ആത്മവിശ്വാസം. മുരിയാട്, കാട്ടൂര്‍, പറപ്പുക്കര പഞ്ചായത്തുകളില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.
എന്‍.ഡി.എ നിര്‍ണായക ശക്തിയാകുമെന്നാണ് ജില്ല നേത്യത്വത്തിന്റെ അവകാശവാദം. പതിവിന് വിപരീതമായി മുഴുവന്‍ ഡിവിഷനുകളിലും അവർ ശക്തമായ മത്സരമാണ് കാഴ്ച വെക്കുന്നത്. ചില ഡിവിഷനുകളില്‍ എല്‍.ഡി.എഫിന്റെ പ്രധാന എതിരാളി എന്‍.ഡി.എ ആണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് മണ്ഡലത്തില്‍ ലഭിച്ച ഭൂരിപക്ഷവും സംഘനാ രംഗത്തെ മികവും അനുകൂലമാകുമെന്ന് അവർ പറയുന്നു. കരുവന്നൂര്‍ ബാങ്കില്‍ സി.പി.എം ഭരണസമിതി നടത്തിയ അഴിമതിയും കോണ്‍ഗ്രസ് ഭരണത്തിലുളള ഐ.ടി.യു ബാങ്കിന്റെ തകര്‍ച്ചയും തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

