ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ യുവാവിന്റെ പരാക്രമം
text_fieldsഇരിങ്ങാലക്കുട: ജനറൽ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയിൽ യുവാവിന്റെ പരാക്രമം. ആശുപത്രിയിൽ എത്തിയ യുവാവ് മണിക്കൂറുകളോളം രോഗികളെയും ജീവനക്കാരെയും മുൾമുനയിൽ നിർത്തി.
വാർഡുകളിലേക്ക് ഓടിക്കയറി ബഹളമുണ്ടാക്കുക, ആശുപത്രിയിൽ എത്തിവരുടെ വാഹനങ്ങൾ തട്ടിയിട്ട് കേടുപാട് വരുത്തുക, ബൈക്കുകൾ എടുത്ത് അത്യാഹിത വിഭാഗത്തിലേക്ക് വരുന്ന ആംബുലൻസുകൾക്ക് തടസ്സമായി കൊണ്ടുവെക്കുക, രോഗികളോടൊപ്പം വന്നവരോട് അസഭ്യം പറയുക, ഡോക്ടറെ കണ്ട് വാഹനങ്ങളിലേക്ക് കയറാൻ പോകുന്നവരെ ഉപദ്രവിക്കാൻ ശ്രമിക്കുക എന്നിവ ചെയ്ത് ആശുപത്രി വളപ്പിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
മുരിയാട് പഞ്ചായത്ത് പതിനൊന്നാം വാർഡ് പുല്ലൂർ ഊരകത്തുള്ള ടിറ്റോ സെബാസ്റ്റ്യനു നേരെയും ഇയാളുടെ ആക്രമണമുണ്ടായി. ഡിവൈ.എസ്.പി ബാബു തോമസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. എന്നാൽ പൊലീസ് ജീപ്പ് കണ്ട യുവാവ് ആശുപത്രി വളപ്പിനോട് ചേർന്ന വീടിന്റെ മതിൽ ചാടിക്കടന്ന് ഇരുട്ടിൽ ഓടിമറയുകയായിരുന്നു. ഇരിങ്ങാലക്കുട പൊലീസ് അന്വേഷണം ആരംഭിച്ചു.