ഇരിങ്ങാലക്കുട: മൂന്നുവർഷത്തോളം എറണാകുളം തൃശൂർ ജില്ലയിലെ വിവിധ ഇടങ്ങളിൽ പ്രവാസിവകുപ്പിൽനിന്ന് വായ്പയും ജോലിയും ശരിയാക്കാമെന്നുപറഞ്ഞ് പ്രായമായ സ്ത്രീകളുടെ സ്വർണാഭരണങ്ങളും പണവും തട്ടിയ ആൾ അറസ്റ്റിൽ. നാട്ടിക ബീച്ച് പട്ടാത്ത് യൂസഫിനെയാണ് തൃശൂർ റൂറൽ എസ്.പി ആർ. വിശ്വനാഥ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഷാജ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കയ്പമംഗലം സ്വദേശിനിയുടെ രണ്ടരപ്പവൻ മാല, വടക്കാഞ്ചേരി സ്വദേശിനിയുടെ ഒന്നരപ്പവൻ മാല, ഇരിങ്ങാലക്കുട പൊറത്തുശ്ശേരി സ്വദേശിനിയുടെ മുക്കാൽ പവൻ മാല, നോർത്ത് പറവൂർ മുനമ്പം സ്വദേശിനിയുടെ ഒരുപവൻ തൂക്കമുള്ള വള, കാട്ടൂർ സ്വദേശിനിയുടെ ഒന്നേമുക്കാൽ പവൻ മാല, പെരിഞ്ഞനം സ്വദേശിനിയുടെ രണ്ടു പവെൻറ തടവള, എറണാകുളം പെരുമ്പടപ്പ് സ്വദേശിനിയുടെ മുക്കാൽ പവൻ മാല, കൊടുങ്ങല്ലൂർ സ്വദേശിനിയുടെ ഒന്നേകാൽ പവൻ കമ്മൽ, പെരിങ്ങോട്ടുകര സ്വദേശിനിയുടെ ഒന്നരപ്പവൻ മാല, ചേർപ്പ് സ്വദേശിനിയുടെ 12,000 രൂപ എന്നിവ തട്ടിയെന്ന് പൊലീസ് പറഞ്ഞു.
കോടതി, മുനിസിപ്പാലിറ്റി, പഞ്ചായത്ത്, ആശുപത്രികൾ എന്നിവിടങ്ങളിലെത്തുന്ന പ്രായമായ സ്ത്രീകളെ പ്രവാസിവകുപ്പിലെ ഉദ്യോഗസ്ഥനെന്നുപറഞ്ഞാണ് കബളിപ്പിക്കുക. മറ്റു ജില്ലകളിലും ഇയാൾ മോഷണം നടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്.