ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ആൾക്ഷാമം; സർവിസുകൾ മുടങ്ങുന്നതായി പരാതി
text_fieldsകെ.എസ്.ആർ.ടി.സി ബസ്
ഇരിങ്ങാലക്കുട: ജീവനക്കാരുടെ കുറവ് ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഡിപ്പോയെ സാരമായി ബാധിക്കുന്നതായും കണ്ടക്ടർമാരുടെ കുറവുമൂലം പ്രിയദർശിനി സർവിസുകൾ വരെ മുടങ്ങുന്നതായും പരാതി. എട്ട്കണ്ടക്ടർമാരുടെ കുറവാണ് ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഉള്ളത്. കൂടാതെ ഓഫിസ് ജീവനക്കാരുടെയും കുറവുണ്ട്.
നിലവിലുള്ള കണ്ടക്ടർമാരിൽ തന്നെ മൂന്ന് പേരെ ഓഫിസ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുകയാണ്. ഇതോടെ കണ്ണിക്കര വഴി ആലുവ, എറണാകുളം ജെട്ടി എന്നിവിടങ്ങളിലേക്കുള്ള പ്രിയദർശിനി സർവിസുകൾ സ്ഥിരമായി ഒഴിവാക്കേണ്ട സ്ഥിതിയിലാണ്. നൈറ്റ് ടിക്കറ്റ് ആൻഡ് ക്യാഷ് വിഭാഗത്തിലാണെങ്കിൽ ഒരു ജീവനക്കാരനും ഒരു അസിസ്റ്റന്റും മാത്രമാണുള്ളത്.
ഇവർ തന്നെയാണ് മാറിമാറി തുടർച്ചയായി മുഴുവൻ ദിവസങ്ങളിലും ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കുന്നത്. ജീവനക്കാരുമായി ബന്ധപ്പെട്ട മറ്റു ഓഫിസ് പ്രവർത്തനങ്ങൾക്കും മാസങ്ങളായി ആളില്ല. ഇതോടെ ജീവനക്കാരുടെ അറ്റന്റൻസ്, അക്കൗണ്ട്സ്, മറ്റ് ഓഫിസ് ജോലികൾ എന്നിവക്കൊപ്പം വർക്ക്ഷോപ്പുമായി ബന്ധപ്പെട്ട ഓഫിസ് പ്രവർത്തനങ്ങളും പൂർണമായി നിലച്ചിരിക്കുകയാണ്.
ശമ്പളം ലഭിക്കുന്നതിനുള്ള അഡ്മിനിസ്ട്രേഷൻ ജോലികൾ പൂർത്തിയാക്കാൻ നിലവിൽ നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരന് 24 മണിക്കൂറും തുടർച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമാണെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന ആവശ്യം ബന്ധപ്പെട്ടവരെ നിരന്തരമായി അറിയിച്ചിട്ടും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായില്ലെന്നുമാണ് ജീവനക്കാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

