Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരിങ്ങാലക്കുട ടൗൺ ബാങ്കിലെ പ്രതിസന്ധി; സംഘർഷവേദിയായി നഗരസഭ ഓഫിസ്

text_fields
bookmark_border
നിവേദനം നൽകാനെത്തിയ നിക്ഷേപകരെ പൊലീസ് തടഞ്ഞു
ഇരിങ്ങാലക്കുട ടൗൺ ബാങ്കിലെ പ്രതിസന്ധി; സംഘർഷവേദിയായി നഗരസഭ ഓഫിസ്
cancel
camera_alt

ഇരിങ്ങാലക്കുട നഗരസഭ ഓഫിസിലേക്ക് പ്രകടനമായെത്തിയ നിക്ഷേപകരെ പൊലീസ് തടയുന്നു

ഇരിങ്ങാലക്കുട: സ്വാതന്ത്ര്യദിനത്തിൽ ഇരിങ്ങാലക്കുട നഗരസഭ ഓഫിസിന് മുന്നിൽ സംഘർഷം. പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുകയും നിക്ഷേപങ്ങൾ തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് നഗരസഭ ഓഫിസിലെത്തിയ നിക്ഷേപകരെ പൊലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. തങ്ങളുടെ പണം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്ന പ്രമേയം നഗരസഭ പാസാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാനാണ് നിക്ഷേപകരെത്തിയത്.

നഗരസഭ ഓഫിസിന് മുന്നിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് കഴിഞ്ഞതോടെ ദേശീയ പതാകകളുമേന്തിയാണ് ഇവരെത്തിയത്. തങ്ങൾ സമരത്തിനെത്തിയതല്ലെന്ന് നിക്ഷേപകർ പറഞ്ഞെങ്കിലും പൊലീസ് വഴങ്ങിയില്ല. ഓഫിസിനകത്തേക്ക് പോകാൻ കഴിയില്ലെന്നും അവധി ദിനമായതിനാൽ ഉദ്യോഗസ്ഥർ ഉണ്ടാകില്ലെന്നുമുള്ള നിലപാടാണ് ആദ്യം പൊലീസ് സ്വീകരിച്ചത്. ഇതേ തുടർന്ന് പ്രകോപിതരായ നിക്ഷേപകർ നഗരസഭ ചെയർമാൻ കൂടിയായ ഇരിങ്ങാലക്കുട ബാങ്ക് ഭരണസമിതി ചെയർമാൻ എം.പി. ജാക്സനെതിരെ മുദ്രാവാക്യം മുഴക്കി. സ്വാതന്ത്ര്യദിനാഘോഷം പൂർത്തിയായിട്ടും ചില ഭരണകക്ഷി കൗൺസിലർമാരും കോൺഗ്രസ് പ്രവർത്തകരും ഓഫിസിന് മുന്നിൽ നിന്നു. ഇതിനിടെ നഗരസഭ ക്ലീൻ സിറ്റി മാനേജർ എസ്. ബേബിയുമായി പൊലീസ് നിക്ഷേപകരുടെ അടുത്തെത്തി.

എന്നാൽ, വഴിയിൽ വെച്ച് നിവേദനം നൽകാനാകില്ലെന്നും തടയുന്നതിന്റെ കാരണം പൊലീസ് വ്യക്തമാക്കണമെന്നും അറസ്റ്റ് വരിക്കാൻ തയാറാണെന്നും നിക്ഷേപകർ പറഞ്ഞു. സ്ഥലത്തെത്തിയ നഗരസഭ പ്രതിപക്ഷ നേതാവ് പി.വി ശിവകുമാറിന്റെ ഇടപെടലിനെ തുടർന്ന് നിക്ഷേപകരെ പ്രതിനിധീകരിച്ച് മൂന്നുപേരെ അകത്തേക്ക് പ്രവേശിക്കാമെന്ന ധാരണയാവുകയും സമിതി ഭാരവാഹികൾ നിവേദനം കൈമാറുകയുമായിരുന്നു. സ്ത്രീകളടക്കം ഇരുനൂറോളം നിക്ഷേപകരാണ് എത്തിയത്. സമിതി പ്രസിഡന്റ് പ്രിൻസ് മാത്യു, സെക്രട്ടറി ലിയോ. പി. ആന്റോ, ട്രഷറർ ടി.സി സഞ്ജീവൻ, രക്ഷാധികാരി അഡ്വ. ആൻറണി തെക്കേക്കര എന്നിവർ നേതൃത്വം നൽകി.

മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യാൻ യൂത്ത് കോൺഗ്രസ് ശ്രമം

ഇരിങ്ങാലക്കുട: പണം തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ നിവേദനം നൽകാനെത്തിയതിനിടെ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം. ഇരിങ്ങാലക്കുട നഗരസഭ ഓഫിസിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളിലെ അപാകതകൾ പരിഹരിക്കണമെന്നും നിക്ഷേപതുക തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുമാണ് നിക്ഷേപകർ നഗരസഭ ചെയർമാൻ കൂടിയായ ബാങ്ക് ഭരണസമിതി ചെയർമാൻ എം.പി. ജാക്സനെതിരെ പ്രതിഷേധവുമായെത്തിയത്.

നിക്ഷേപകരെ പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചത്. നഗരസഭ ഉദ്യോഗസ്ഥന് നിവേദനം കൈമാറി സമരസമിതി നേതാക്കൾ മടങ്ങുന്നതിനിടെ സമരസമിതി രക്ഷാധികാരി അഡ്വ. ആൻറണി തെക്കേക്കരയെ ഇവർ ആക്ഷേപിച്ചു. യൂത്ത് കോൺഗ്രസ് നിക്ഷേപകരുടെ കൂടെയാണോയെന്ന് മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടതോടെ ചില പ്രവർത്തകർ മാധ്യമപ്രവർത്തകന്റെ കൈ തട്ടിമാറ്റി മാധ്യമപ്രവർത്തകരുടെ അടുത്തേക്ക് കുതിച്ചു. പിന്തുണയുമായി മറ്റ് ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടിയെത്തിയതോടെ നഗരസഭ അങ്കണം സംഘര്‍ഷവേദിയായി.

തുടര്‍ന്ന് പൊലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നടപടിയിൽ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇരിങ്ങാലക്കുട പ്രസ് ക്ലബിൽ യോഗം ചേർന്ന് ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും റൂറൽ എസ്.പിക്കും പരാതി നൽകാൻ തീരുമാനിച്ചു. പ്രസിഡൻറ് വി.ആർ സുകുമാരൻ അധ്യക്ഷത വഹിച്ചു. രാഹുൽ അശോകൻ, ബെനറ്റ് തൗണ്ടാശ്ശേരി, ഷാജൻ ചക്കാലയ്ക്കൽ, അംഗങ്ങളായ നവിൻ ഭഗീരഥൻ, ജോസ്. ജെ. ചിറ്റിലപ്പിള്ളി, ശ്രീനിവാസൻ, അഞ്ജുമോൻ വെള്ളാനിക്കാരൻ, ശ്രീമോൻ പെരുമ്പാല, കെ.ബി ദിലീപ്, ജോസ് മാമ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Irinjalakuda Town Bank Crisis Sparks Municipal Clash
Next Story