കാത്തിരിപ്പിന് വിട, ഇരിങ്ങാലക്കുട ഷീ ലോഡ്ജ് പ്രവർത്തനമാരംഭിച്ചു
text_fieldsഇരിങ്ങാലക്കുട: സ്ത്രീകൾക്കായി ഇരിങ്ങാലക്കുട നഗരസഭ നിർമിച്ച ഷീ ലോഡ്ജ് കാത്തിരിപ്പിനൊടുവിൽ പ്രവർത്തനമാരംഭിച്ചു. നഗരസഭ ഓഫിസിനോടും അയ്യങ്കാവ് മൈതാനത്തോടും ചേർന്ന് രണ്ട് നിലകളിലായി 2.80 കോടി ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 ഫെബ്രുവരിയിലായിരുന്നു. ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫിസുകളുമുള്ള ഇരിങ്ങാലക്കുട നഗരസഭയില്‍ സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി അവര്‍ക്കുള്ള താമസസൗകര്യം ഒരുക്കുകയായിരുന്നു നഗരസഭ. ഷീ ലോഡ്ജ് കെട്ടിടത്തില്‍ രണ്ട് നിലകളിലായി അറ്റാച്ച്ഡ് ബാത്ത്റൂം സൗകര്യമുള്ള 20 മുറികളാണ് ഒരുക്കിയിട്ടുള്ളത്.
ഇതില്‍ മൂന്ന് കിടക്കകളുള്ള രണ്ട് മുറികളും, രണ്ട് കിടക്കകളുള്ള 18 മുറികളുമാണ് ഉള്ളത്. 1034 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 320 ചതുരശ്ര അടി വിസ്തീര്‍ണമുള്ള നാല് കടമുറികള്‍ ഒരുക്കിയിട്ടുണ്ട്. അടുക്കള, ഡൈനിങ് ഹാള്‍, റീഡിങ് റൂം, വെയ്റ്റിങ് റൂം, പാര്‍ക്കിങ് എന്നീ സൗകര്യങ്ങളും ഷീ ലോഡ്ജിന്റെ സവിശേഷതകളാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം നിർവഹിച്ച ഷീ ലോഡ്ജിന്റെ പ്രവർത്തനം നീണ്ട് പോയതിൽ പ്രതിപക്ഷത്തുനിന്നും മറ്റ് സംഘടനകളിൽനിന്നും വിമർശനം ഉയർന്നിരുന്നു. നഗരസഭ ടെൻഡർ വിളിച്ച സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.പ്രവർത്തനോദ്ഘാടനം കൊളബോ ഹോട്ടൽ ഉടമ സി.എൽ. ജോർജ് നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ മേരിക്കുട്ടി ജോയ്, മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, നടത്തിപ്പ് കരാർ എറ്റെടുത്തിട്ടുള്ള ഡെസിൻ സണ്ണി ചിറ്റിലപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

