ഇരിങ്ങാലക്കുടയില്‍ സ്വകാര്യ ബസ്; കോളജ് ബസിലിടിച്ച് 14 പേർക്ക് പരിക്ക്
text_fieldsഇരിങ്ങാലക്കുടയില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് കോളജ് ബസിന് പിറകിലിടിച്ചപ്പോൾ
ഇരിങ്ങാലക്കുട: നിയന്ത്രണംവിട്ട സ്വകാര്യ ബസ് കോളജ് ബസിന് പിറകിലിടിച്ച് വിദ്യാർഥികളടക്കം 14 പേർക്ക് പരിക്ക്. ഇരിങ്ങാലക്കുട മൂന്നുപീടിക റോഡിൽ സോപ്പ് കമ്പനിക്ക് സമീപം വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. മാള-ഇരിങ്ങാലക്കുട റൂട്ടിൽ സർവിസ് നടത്തുന്ന ‘കീർത്തന’ ബസാണ് നിയന്ത്രണംവിട്ട് മുന്നിലുണ്ടായിരുന്ന സൗഹൃദയ എൻജിനീയറിങ് കോളജ് ബസിന്റെ പിറകിലിടിച്ചത്.
സ്വകാര്യ ബസിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകട കാരണമെന്ന് ഡ്രൈവർ പറഞ്ഞു. സ്വകാര്യ ബസിലെ പത്തുപേരെയും കോളജ് ബസിലെ നാല് വിദ്യാർഥികളെയും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഇരിങ്ങാലക്കുട മൂന്നുപീടിക റൂട്ടിൽ ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് ഇരിങ്ങാലക്കുട പൊലീസ് എത്തിയാണ് ഗതാഗത നിയന്ത്രണം നടത്തിയത്.
കോളജ് ബസ് റോഡിൽ നിന്നും മാറ്റിയിട്ടെങ്കിലും സ്വകാര്യ ബസിന്റെ ബ്രേക്ക് ജാമായതിനാൽ നീക്കാൻ ഏറെ പണിപ്പെട്ടു. മാസങ്ങൾക്ക് മുമ്പാണ് സമാന രീതിയിൽ ബ്രേക്ക് നഷ്‌ടപ്പെട്ട സ്വകാര്യ ബസിടിച്ച് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ ഇരുചക്ര വാഹന യാത്രികരായ ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തത്.
അതിന് മുമ്പ് ഇരിങ്ങാലക്കുട ചന്തക്കുന്നിൽ ഇത്തരത്തിൽ ബ്രേക്ക് നഷ്‌ടപ്പെട്ട സ്വകാര്യ ബസ് ട്രാവലറിന് പിറകിലിടിച്ചിരുന്നു. സ്വകാര്യ ബസുകൾ നിരന്തരം അപകട പരമ്പര സൃഷ്‌ടിക്കുമ്പോൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന കർശനമാക്കണമെന്നാണ് യാത്രികരിൽനിന്നും ഉയരുന്ന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

