ഇരിങ്ങാലക്കുടയിലെ ‘ടേക്ക് എ ബ്രേക്ക്’ ബ്രേക്ക് എടുക്കുകയാണെന്ന് കുടുംബശ്രീ
text_fieldsഅടഞ്ഞു കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ ‘ടേക്ക് എ ബ്രേക്ക്’ കെട്ടിടം
ഇരിങ്ങാലക്കുട: തദ്ദേശ മന്ത്രി ഉദ്ഘാടനം ചെയ്യുകയും പിന്നീട് ദീർഘകാലം ഏറ്റെടുക്കാൻ ആരുമില്ലാതെ അടച്ചിടുകയും നഗരസഭയിലെ താൽക്കാലിക ജീവനക്കാരന്റെ ബന്ധു അഞ്ചുമാസത്തോളം തട്ടുകട ശൈലിയിൽ നടത്തി പൂട്ടിടുകയും ചെയ്ത നഗരസഭയുടെ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയുടെ മോചനം നീളും. നടത്തിപ്പ് ചുമതല കുടുംബശ്രീയെ ഏൽപിക്കാൻ കൗൺസിൽ തീരുമാനിച്ചിരുന്നെങ്കിലും താൽപര്യമില്ലെന്ന് കുടുംബശ്രീയും അറിയിച്ചതോടെയാണിത്.
2022 ഡിസംബർ നാലിനായിരുന്നു ഉദ്ഘാടനം. ദേശീയ-സംസ്ഥാന പാതയോരങ്ങളിലൂടെ കുടുംബസമേതം യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതവും ഉന്നത നിലവാരമുള്ളതുമായ ശുചിമുറികൾ ലഭ്യമാക്കുക എന്ന സംസ്ഥാന സർക്കാറിന്റെ തന്നെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് 20 ലക്ഷം രൂപ ചെലവഴിച്ച് ഏഴ് ശുചിമുറികളും ബാത്ത്റൂമും വിശ്രമമുറിയുമടങ്ങുന്ന കെട്ടിടം നിർമിച്ചത്. കോഫി ഷോപ്പും റിഫ്രഷ്മെന്റ് സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടിരുന്നു.
വാടക തുകയായി 10 ലക്ഷം രൂപ നഗരസഭ അധികൃതർ തീരുമാനിച്ചെങ്കിലും എറ്റെടുക്കാൻ ആരും തയാറായില്ല. ഇതിനിടെ ശുചീകരണ സംവിധാനങ്ങൾക്കായി ടാങ്കുകൾ സ്ഥാപിക്കാൻ 2023-‘24 വർഷത്തിൽ നാല് ലക്ഷം രൂപ കൂടി നഗരസഭ ചെലവഴിച്ചു. 2024ൽ നഗരസഭയിലെ താൽക്കാലിക ജീവനക്കാരന്റെ ബന്ധു 4.5 ലക്ഷം രൂപ വാടകക്ക് എറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചെങ്കിലും അഞ്ച് മാസം മാത്രമാണ് ബ്രേക്ക് ഇല്ലാതെ പ്രവർത്തിച്ചത്. വിമർശനം ഉയർന്നതിനെ തുടർന്നാണ് 4000 രൂപ പ്രതിമാസ വാടകക്ക് കുടുംബശ്രീ സി.ഡി.എസിനെ നടത്തിപ്പ് ഏൽപിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചത്.
എന്നാൽ ചായയും ചെറുകടികളും മിഠായിയും മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി സി.ഡി.എസ് തന്നെ ചെയ്യണമെന്നും വീട്ടിൽനിന്ന് പോലും ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്ന് നൽകാൻ കഴിയില്ലെന്നുമുള്ള നിബന്ധനകൾ അംഗീകരിക്കാൻ കഴിയില്ലെന്നും ലാഭകരമായി നടത്താൻ കഴിയില്ലെന്നും കുടുംബശ്രീ സി.ഡി.എസ് പറയുന്നു. തീരുമാനം നഗരസഭ അധികൃതരെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

