അർബുദ രോഗികൾക്ക് താങ്ങായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കീമോ യൂനിറ്റ്
text_fieldsഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കീമോ തെറപ്പി യൂനിറ്റ്
തൃശൂർ: അർബുദ ചികിത്സ രംഗത്ത് രോഗികൾക്ക് ആശ്വാസവും പ്രതീക്ഷയുമാകുകയാണ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രി യൂനിറ്റ്.2025 ജനുവരി മുതൽ സെപ്റ്റംബർ വരെ കാലയളവിൽ 2000ത്തോളം പേർക്കാണ് ഇവിടെ ചികിത്സ ലഭ്യമാക്കിയത്. ജനുവരി മുതൽ സെപ്റ്റംബർ വരെ കീമോതെറപ്പിക്കായി 5097 രോഗികളാണ് ആശുപത്രിയിൽ എത്തിയത്.
ഇതിൽ 1988 രോഗികൾക്ക് സൗജന്യ ചികിത്സ ലഭിച്ചു. ഈ ഒമ്പത് മാസത്തിൽ മാത്രം 94 പുതിയ അർബുദ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ രോഗികൾ ചികിത്സ തേടിയെത്തിയത് ജൂലൈയിലാണ്.
2019 ഡിസംബർ 19നാണ് കീമോതെറാപ്പി യൂനിറ്റ് പ്രവർത്തനം ആരംഭിച്ചത്. ഒരു ഓങ്കോളജിസ്റ്റ്, ഒരു ഹെഡ് നഴ്സ്, രണ്ട് സ്റ്റാഫ് നഴ്സുമാർ, രണ്ട് ഗ്രേഡ് 2 സ്റ്റാഫ് എന്നിവരടങ്ങിയ സംഘമാണ് രോഗീപരിചരണം നടത്തുന്നത്. തിങ്കൾ മുതൽ ശനി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കീമോചികിത്സ ലഭ്യമാണ്.
കീമോതെറപ്പി സേവനം ഇവിടെ പൂർണമായും സൗജന്യമായാണ് നൽകുന്നത്. തുടർചികിത്സകളും ലഭ്യമാകുമെന്ന് എൻ.എച്ച്.എം സ്റ്റാഫ് നഴ്സായ പി.ജി. സൗമ്യ പറഞ്ഞു. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത രോഗികൾക്ക് കെ.എം.സി.എൽ വഴി മരുന്നുകൾ ലഭ്യമാണെങ്കിൽ അത് സൗജന്യമായി നൽകും. അല്ലാത്തപക്ഷം മരുന്നുകൾ പുറത്ത് നിന്ന് വാങ്ങേണ്ടി വരും. എന്നാൽ, ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങൾക്കും ഫീസുകളില്ല. മറ്റ് ആശുപത്രികളിൽ പ്രാഥമിക കീമോതെറാപ്പി പൂർത്തിയാക്കിയവർക്ക് പോലും തുടർചികിത്സകൾ ഇവിടെ ലഭ്യമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

