ഐ.ടി.യു ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം; പ്രതിസന്ധിക്ക് കാരണം വായ്പ അനുവദിക്കുന്നതിലെ ക്രമക്കേട്
text_fieldsഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഐ.ടി.യു കോ ഓപറേറ്റീവ് ബാങ്കിന് മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധ സമരം. വയോധികരും കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളുമടക്കം നൂറുകണക്കിന് നിക്ഷേപകരാണ് പ്രതിഷേധവുമായി എത്തിയത്. ബാങ്കിന്റെ വിവിധ ശാഖകളിലായി നിക്ഷേപമോ, സാമ്പത്തിക ഇടപാടുകളോ നടത്തി കാലാവധി പൂര്‍ത്തിയാക്കിയിട്ടും പണം ലഭിക്കാത്ത നിക്ഷേപകരാണ് സംഘടിച്ചെത്തി പ്രതിഷേധിച്ചത്. മൈക്ക് അനുമതി വാങ്ങിയിരുന്നെങ്കിലും അവസാന നിമിഷം പൊലീസെത്തി ഇത് നിഷേധിച്ചു. ബാങ്കിന് മുന്നില്‍ സംഘടിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നറിയിച്ചതിനെ തുടര്‍ന്ന് പ്രതിഷേധയോഗം ബാങ്കിന് മുകളിലെ ഹാളിലേക്ക് മാറ്റുകയായിരുന്നു.
വായ്പ അനുവദിക്കുന്നതിലെ ഗുരുതര ക്രമക്കേടുകളാണ് ബാങ്ക് പ്രതിസന്ധിയിലാകാന്‍ പ്രധാന കാരണമെന്ന് നിക്ഷേപകര്‍ ആരോപിച്ചു. വായ്പയിനത്തില്‍ 370 കോടിയോളം രൂപയും നിഷ്‌ക്രിയ ആസ്തികളായി 353 കോടിയുടെ ബാധ്യതയുമാണ് ബാങ്കിനുള്ളത്. കഴിഞ്ഞയാഴ്ച ബാങ്ക് ആസ്ഥാന ഓഫിസിലെത്തിയ നിക്ഷേപകരോട് നിഷ്‌ക്രിയ ആസ്തികള്‍ വിറ്റാല്‍ മാത്രമേ പണം തിരികെ തരാനാകൂവെന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് പരിഹാരമുണ്ടാക്കിയാല്‍ മാത്രമേ പണം തിരികെ ലഭിക്കൂവെന്നും ബാങ്കിനെ മറ്റൊരു ദേശസാത്കൃത ബാങ്കുമായി യോജിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു. അഡ്വ. ആന്റണി തെക്കേക്കര സംസാരിച്ചു. ഭാരവാഹികളായ ബിബിന്‍ ജോണി, ലിയോ. പി. ആന്റോ, പ്രിന്‍സ് മാത്യു ചക്കാലയ്ക്കല്‍, മുരളി ചാലക്കുടി എന്നിവര്‍ നേതൃത്വം നല്‍കി. വിഷയം അവതരിപ്പിക്കാൻ അടുത്തദിവസം മുഖ്യമന്ത്രി വി.ഡി. സതീനെ കാണും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

