നിക്ഷേപ തട്ടിപ്പ്: ചെമ്മണൂർ നിധി ഉടമ അറസ്റ്റിൽ
text_fieldsഅഡ്വ.
ജെയ്സൺ ചെമ്മണൂർ
തൃശൂർ: അമിത പലിശ വാഗ്ദാനം നൽകി നിക്ഷേപമായും കുറികളായും കോടിക്കണക്കിന് രൂപ തട്ടി മുങ്ങിയ നിധി കമ്പനി ഉടമ അറസ്റ്റിൽ. തൃശൂർ എം.ജി റോഡിൽ പ്രവർത്തിച്ചിരുന്ന ചെമ്മണൂർ നിധി ആൻഡ് ചെമ്മണൂർ കുറീസ് സ്ഥാപനയുടമയും ഗുരുവായൂർ പേരകം സ്വദേശിയുമായ അഡ്വ. ജെയ്സൺ ചെമ്മണൂരിനെയാണ് തൃശൂർ സിറ്റി ജില്ല സി ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
തൃശൂർ ഈസ്റ്റ്, ഗുരുവായൂർ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ കേസുകളുണ്ട്. നിയമാനുസൃതമായ അനുമതിയില്ലാതെ നിക്ഷേപങ്ങൾ കൈപറ്റി തിരിച്ചുനൽകാതെ വിശ്വാസവഞ്ചന കാണിച്ചതിന് 56 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. കേസുകളിലെ മുഖ്യ പ്രതിയായ അഡ്വ. ജെയ്സൺ ഒരു വർഷമായി ഒളിവിൽ താമസിക്കുകയായിരുന്നു.
കമീഷണർ അങ്കിത് അശോകന്റെ നിർദേശപ്രകാരം നിരന്തരം നിരീക്ഷിച്ചിരുന്ന സിറ്റി സി ബ്രാഞ്ച് സംഘം ഒരുമാസത്തോളമായി ഇയാളെ തമിഴ്നാട് കോട്ടഗിരി, ഊട്ടി ഭാഗങ്ങളിൽ അന്വേഷിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ആലുവയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിക്ഷേപങ്ങൾ സ്വീകരിക്കാൻ ആർ.ബി.ഐയുടെയോ സെബിയുടെയോ അനുമതിയില്ലാതെയായിരുന്നു പ്രവർത്തനം. കൂടുതൽ പലിശ നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണമുൾപ്പെടെ വിവിധ തരത്തിലുള്ള കോടിക്കണക്കിനു രൂപയുടെ നിക്ഷേപങ്ങൾ സ്വീകരിച്ച് തിരിച്ചുനൽകാതെ ആർഭാട ജീവിതം നയിക്കുകയായിരുന്നു. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

