ഓണക്കാല ലഹരിക്കടത്ത് തടയാൻ കടലിൽ പരിശോധന
text_fieldsതീരദേശം വഴിയുള്ള ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി സംയുക്ത പട്രോളിങ് സംഘം
കടലിൽ ബോട്ട് പരിശോധിക്കുന്നു
അഴീക്കോട്: ഓണാഘോഷത്തിന് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ, മയക്കുമരുന്ന് കടത്ത് തടയാനുമായി കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഓഫിസ്, അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ, തീരദേശ പൊലീസ്, മറൈൻ എൻഫോഴസ്മെന്റ് ആൻഡ് വിജിലൻസ് വിങ് വകുപ്പുകളുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന നടത്തി.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അശ്വിൻരാജിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ എകോപിപ്പിച്ച് രൂപവത്കരിച്ച പ്രത്യേക സംഘമാണ് ജില്ലയുടെ തീരദേശം കേന്ദ്രീകരിച്ച് വ്യാജ മദ്യവും സ്പിരിറ്റും കഞ്ചാവും എത്താൻ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് പരിശോധന നടത്തിയത്.
12 നോട്ടിക്കൽ മൈൽ ദൂരത്തിൽ കടലിലുള്ള എല്ലാ മത്സ്യബന്ധന യാനങ്ങളും സംഘം പരിശോധിച്ചു. അഴീക്കോട് മുതൽ കപ്രിക്കാട് വരെയുള്ള സ്ഥലങ്ങളിൽനിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്. ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കടൽ മാർഗമാണ് മദ്യവും സ്പിരിറ്റും എത്തുന്നത്. നേരത്തെ അധികൃതർ ഇവ പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ശനിയാഴ്ച പരിശോധന നടത്തിയത്.
കോസ്റ്റൽ പൊലീസ് സി.ഐ സി. ബിനു, ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻറ് ഡയറക്ടർ എം.എഫ്. പോൾ, കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എഫ്. സുരേഷ് എന്നിവരുടെ നിർദേശപ്രകാരം കടലിൽ നടത്തിയ പരിശോധനക്ക് കൊടുങ്ങല്ലൂർ എക്സൈസ് പ്രിവൻറിവ് ഓഫസർമാരായ കെ.എ. ജയദേവൻ, സി.എ. ജോഷി, മറൈൻ എൻഫോഴസ്മെന്റ് ആൻഡ് വിജിലൻസ് വിങ് എ.എസ്.ഐ ഷൈബു, സി.പി.ഒ വി.എൻ. പ്രശാന്ത് കുമാർ, തീരദേശ പൊലീസ് എ.എസ്.ഐ ബിജൂ, സി.പി.ഒ രാജേഷ്, സീ റെസ്ക്യു ഗാർഡുമാരായ പ്രസാദ്, അൻസർ, സ്രാങ്ക് ദേവസി, ഡ്രൈവർ അഷറഫ് എന്നിവർ നേതൃത്വം നൽകി.വരും ദിവസങ്ങളിലും പരിശോധന തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

