അഞ്ചുകോടി അനുവദിച്ചത് സർദാർ സ്മരണക്ക്; ഉയരുന്നത് വ്യവസായ സമുച്ചയം
text_fieldsതൃപ്രയാർ: സർദാർ ഗോപാലകൃഷ്ണൻ സാംസ്കാരിക നിലയത്തിന് സംസ്ഥാന ബജറ്റിൽ അനുവദിച്ച അഞ്ചുകോടി വകമാറ്റി നിർമിക്കുന്ന വ്യവസായ സമുച്ചയത്തിന് വെള്ളിയാഴ്ച തളിക്കുളത്ത് ശിലാസ്ഥാപനം നടത്തും.ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യ രക്തസാക്ഷിയെന്ന് കമ്മ്യൂണിസ്റ്റുകാർ അവകാശപ്പെടുന്ന സർദാർ ഗോപാലകൃഷ്ണന്റെ സ്മരണക്കായി അനുവദിച്ച തുകയാണ് വ്യവസായ സമുച്ചയത്തിനായി വക മാറ്റുന്നത്.
സർദാറിന്റെ ഓർമക്കായി മണപ്പുറത്ത് സാംസ്കാരികസ്ഥാപനം വേണമെന്ന സി.പി.ഐ നേതാക്കളുടെയും പ്രവർത്തകരുടെയും സ്വപ്നമാണ് പൊലിയുന്നത്. സാംസ്കാരിക നിലയം സ്ഥാപിച്ച് പഠന ഗവേഷണ കേന്ദ്രവും അനുബന്ധ പ്രവർത്തനങ്ങളും സജീവമാക്കി നിലനിർത്തണമെന്നായിരുന്നു പാർട്ടി പ്രവർത്തകരുടെ ആഗ്രഹം. ബജറ്റിൽ അഞ്ചുകോടി വകയിരുത്തിയാണ് സർക്കാർ അതിനു പച്ചക്കൊടി കാണിച്ചത്. എന്നാൽ സി.പി.ഐ സ്വാധീനമില്ലാത്ത നാട്ടിക മണപ്പുറത്തെ പഞ്ചായത്തുകളൊന്നും ഇതിനു പിന്തുണച്ചില്ല. ഒരു പഞ്ചായത്തും കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്തിയില്ല.
ഇതിനാൽ അനുവദിച്ച തുക പാഴാവുമെന്ന ഘട്ടമെത്തിയപ്പോൾ സി.പി.എം നേതൃത്വം നൽകുന്ന തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മറ്റൊരു പദ്ധതിക്ക് വകമാറ്റാൻ എം.എൽ.എയോട് ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപത്തെ സ്ഥലം അനുവദിച്ച് അവിടെ വ്യവസായ സമുച്ചയം നിർമിക്കാനും തീരുമാനിച്ചു.
അങ്ങനെയാണ് സർദാർ സാംസ്കാരിക നിലയം വ്യവസായ സമുച്ചയമായി മാറിയത്. കമ്യൂണിസ്റ്റ് നേതാവ് രണദിവെയുടെ കൽക്കത്ത തിസീസ് ഏറ്റെടുത്ത്, ഇന്ത്യൻ റിപ്പബ്ലിക് യഥാർഥ ഇന്ത്യൻ ജനതയുടെതല്ലെന്നും സാമ്രാജ്യത്വ ദാസന്മാരുടേതാണെന്നും പ്രഖ്യാപിച്ച് ജാഥ നടത്തിയതിനാണ് ബ്രിട്ടീഷ് പൊലീസ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് കൊല പ്പെടുത്തിയത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ പൊലീസ് രാത്രി വലപ്പാട് വട്ടപ്പരത്തി കടപ്പുറത്ത് കുഴിച്ചുമൂടുകയായിരുന്നു. എടത്തിരുത്തി കുമ്പളപറമ്പിൽ കുടുംബാംഗമായ ഗോപാലകൃഷ്ണൻ പട്ടാളത്തിൽ സർദാർ പദവിയിലായിരുന്നു.
ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി അധ്യാപകനായി. കടുത്ത ചൂഷണത്തിനിരയായിരുന്ന അധ്യാപകരെ സംഘടിപ്പിച്ച് അവകാശ പോരാട്ടം നടത്തി. സർദാർ ഗോപാലകൃഷ്ണൻ ജനമനസ്സുകളിൽ സർദാർ എന്ന ചുരുക്കപ്പേരിൽ അറിയാൻ തുടങ്ങി. മണപ്പുറത്ത് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന് സർദാറുണ്ടാക്കിയത് ശക്തമായ അടിത്തറയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

