
തൃശൂർ ജില്ലയിൽ 50 ശതമാനം കിടക്കകൾ കോവിഡ് ചികിത്സക്ക് മാറ്റിവെക്കണം -കലക്ടർ
text_fieldsതൃശൂർ: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകളും അടിയന്തരമായി കോവിഡ് ചികിത്സക്ക് മാറ്റിവെക്കണമെന്ന് ജില്ല കലക്ടർ എസ്. ഷാനവാസ് അറിയിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രി മേധാവികളുമായി നടത്തിയ കോവിഡ് വ്യാപന പ്രതിരോധ പ്രവർത്തന യോഗത്തിലാണ് കലക്ടർ ഇക്കാര്യം ചർച്ച അറിയിച്ചത്.
ഗവ. മെഡിക്കൽ കോളജ്, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ നിലവിലുള്ള കോവിഡ് കിടക്കകളുടെ എണ്ണം 50 ശതമാനമാക്കി വർധിപ്പിക്കണം. കോവിഡ് ഐ.സി.യു, വെൻറിലേറ്റർ സൗകര്യവും കൂട്ടണം.
ചികിത്സക്ക് വേണ്ട ഓക്സിജൻ സമയബന്ധിതമായി വിതരണം ചെയ്യാൻ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഓക്സിജൻ ടാങ്ക് സംവിധാനം ഏർപ്പെടുത്താനും ഇതിൽ ദിവസവും ഓക്സിജൻ നിറക്കാനും നടപടി സ്വീകരിക്കാൻ കലക്ടർ ബന്ധപ്പെട്ടവരോട് നിർദേശിച്ചു.
നിലവിൽ ഓക്സിജൻ പ്ലാൻറിൽനിന്ന് ലഭിക്കുന്ന ഓക്സിജെൻറ തോത് കൂട്ടി പുതിയ കിടക്കകളിലേക്ക് ഓക്സിജൻ സംവിധാനം സജ്ജമാക്കുക, ഐ.സി.യു, വെൻറിലേറ്റർ കിടക്കകൾ വർധിപ്പിക്കുക എന്നിവയും അടിയന്തരമായി ഇവിടെ ചെയ്യും.
മൂന്നു ദിവസത്തിനകം ഇത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനാകുമെന്ന് ഗവ. മെഡിക്കൽ കോളജ് മേധാവികൾ യോഗത്തെ അറിയിച്ചു.
ഗവ. ജനറൽ, താലൂക്ക് ആശുപത്രികളിൽ കോവിഡ് കിടക്കകൾ 50 ശതമാനമാക്കണം. ഗൈനക്കോളജി വിഭാഗമല്ലാതെ മറ്റു വിഭാഗങ്ങളിലേക്ക് രോഗികളെ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്നും യോഗത്തിൽ ചർച്ചയുണ്ടായി.
ഇവിടങ്ങളിലേക്ക് ആവശ്യമുള്ള ഓക്സിജൻ സിലിണ്ടറുകൾ ഉടൻ ലഭ്യമാക്കും. ജീവനക്കാരുടെ കുറവുണ്ടെങ്കിൽ അത് പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ടവരോട് കലക്ടർ നിർദേശിച്ചു.
സ്വകാര്യ മെഡിക്കൽ കോളജുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ 50 ശതമാനം കിടക്കകൾ ഒരാഴ്ചയ്ക്കകം സജ്ജീകരിക്കണം. കോവിഡ് രോഗികളുടെ ചികിത്സക്ക് വേണ്ടി വരുന്ന ഓക്സിജൻ സിലിണ്ടറുകളിൽ ഓക്സിജൻ നിറക്കൽ ഇവർക്ക് അതത് ഏജൻസികളിൽനിന്ന് തന്നെ ചെയ്യാം. ഇത് ആരോഗ്യ വിഭാഗത്തെ അറിയിച്ചാൽ മതിയാകും.
ആശുപത്രികളിൽ കോവിഡ് രോഗത്തിെൻറ കാറ്റഗറി അനുസരിച്ച് രോഗികളെ കിടത്തി ചികിത്സിച്ചാൽ മതിയെന്ന് ഡി.എം.ഒ കെ.ജെ. റീന വ്യക്തമാക്കി. ആശുപത്രികൾ കോവിഡ് കിടക്കകൾ ഒരുക്കുന്നതിൽ കാലതാമസം വരുത്തരുതെന്നും ജില്ലയിൽ സ്ഥിതി അതീവ ഗുരുതരമാണെന്നും അവർ വ്യക്തമാക്കി.
ഡി.പി.എം ഡോ. ടി.വി. സതീശൻ, ഡെപ്യൂട്ടി ഡി.എം.ഒ പി.കെ. രാജു, ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ, ജനറൽ, താലൂക്ക് ആശുപത്രി സൂപ്രണ്ടുമാർ, സ്വകാര്യ ആശുപത്രി മേധാവികൾ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
