ഒഡീഷയിൽനിന്ന് 221 കിലോ കഞ്ചാവ് കടത്ത്; പ്രതികൾക്ക് ധനസഹായം നൽകിയ യുവാവ് അറസ്റ്റിൽ
text_fieldsകൃഷ്ണജ്
തൃശൂർ: ഒഡീഷയിൽനിന്ന് 221 കിലോ കഞ്ചാവ്, കേരളത്തിലേക്ക് ആഡംബര കാറിൽ കടത്തിയ സംഭവത്തിൽ ഒഡീഷയിലുള്ള പ്രതികൾക്ക് സ്വന്തം വാഹനം പണയപ്പെടുത്തി രണ്ടരലക്ഷം രൂപ കഞ്ചാവ് വാങ്ങാൻ നൽകിയ പ്രതി അറസ്റ്റിൽ. അയ്യന്തോൾ ചേലൂർ കൺട്രി കോർട്ട് അപ്പാർട്ട്മെന്റിലെ താമസക്കാരനായ ഒടാട്ടിൽ കൃഷ്ണജാണ് (28) നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്.
തന്റെ ഉടമസ്ഥതയിലുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന പുതിയ മഹീന്ദ്ര ബൊലേറോ പിക്അപ് വാഹനം കഞ്ചാവ് വാങ്ങുന്നതിനായി പത്ത് ദിവസത്തേക്കാണ് ഇയാൾ പണയപ്പെടുത്തി രണ്ടരലക്ഷം രൂപ വാങ്ങി ഒഡീഷയിലുള്ള പ്രതികൾക്ക് ഇയാൾ അയച്ചുകൊടുത്തത്. ഒഡീഷയിൽനിന്ന് കഞ്ചാവ് എത്തിച്ച് കേരളത്തിലുള്ള വിവിധ സബ് ഏജന്റുമാർക്ക് വിൽപന നടത്തി പണം ഉടൻ തിരിച്ച് നൽകി വാഹനം തിരികെ വാങ്ങാനായിരുന്നു പദ്ധതി.
എന്നാൽ, പ്രതികൾ കഞ്ചാവുമായി പിടിയിലായതോടെ പ്ലാൻ പൊളിഞ്ഞു. തുടർന്ന് അറസ്റ്റ് ഭയന്ന് ഇയാൾ ഒളിവിലായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതിയുടെ നീക്കങ്ങൾ നിരന്തരം നിരീക്ഷിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഷാഡോ പൊലീസ് സംഘത്തിലെ ജീവൻ, നെടുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ പി.വി. ശ്രീനാഥ്, സനൂപ് ശങ്കർ എന്നിവരാണ് പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
പണയം വെച്ച പിക്അപ് പ്രതി തിരിച്ചെടുക്കാൻ വരാത്തതിനെത്തുടർന്ന് സ്വകാര്യ പണമിടപാടുകാർ വിൽപന നടത്തിയിരുന്നു. തുടർന്ന് ആലത്തൂരിൽനിന്നാണ് വാഹനം പിടിച്ചെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് ഒഡിഷയിൽനിന്ന് രണ്ട് പ്രതികളെ നെടുപുഴ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

