അധികാരത്തിലെത്തിയാൽ കുംഭാര സമുദായത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കും -വി.ഡി. സതീശൻ
text_fieldsതൃശൂർ ടൗൺ ഹാളിൽ കേരള കുംഭാര സമുദായ സഭ പത്താം വാർഷിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: കുംഭാര സമുദായം നേരിടുന്ന കുമ്മറ ഭാഷാ സംരക്ഷണം, ജാതി സർട്ടിഫിക്കറ്റ് പ്രശ്നം, വിദ്യാഭ്യാസവും തൊഴിൽപരവുമായ മേഖലകളിലെ പ്രത്യേക സംവരണം, മൺപാത്ര നിർമാണം പരമ്പരാഗത തൊഴിലാക്കൽ, കളിമണ്ണ് ക്ഷാമം ലഘൂകരിക്കൽ എന്നീ അഞ്ച് കാര്യങ്ങൾക്ക് 2026ൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
കേരള കുംഭാര സമുദായ സഭയുടെ പത്താം വാർഷിക സമ്മേളനം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൺപാത്ര നിർമാണവുമായി ബന്ധപ്പെട്ട് വിവിധ പേരുകളിൽ അറിയപ്പെടുന്നവരെയെല്ലാം ‘കുംഭാര’ എന്ന ഒറ്റ സമുദായത്തിന് കീഴിൽ കൊണ്ടുവന്ന് സർക്കാർ ഉത്തരവിറക്കിയാൽ ജാതി സർട്ടിഫിക്കറ്റ് പ്രശ്നം ലളിതമായി പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ ടൗൺ ഹാളിൽ കേരള കുംഭാര സമുദായ സഭ പത്താം വാർഷിക സമ്മേളന ഭാഗമായി അരങ്ങേറിയ കബംകളി
കുമ്മറ ഭാഷാ നിഘണ്ടുവിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് വിജയൻ പാടൂക്കാട് അധ്യക്ഷത വഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, എം.ടി. രമേശ്, കരുണൻ, ശ്രീകുമാർ, സത്യൻ ചൂണ്ടൽ, സന്തോഷ് പേരാമ്പ്ര, അജിത്ത് മാറാടത്ത്, ചന്ദ്രൻ മുക്കം തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളായ സുബ്രഹ്മണ്യൻ മങ്കേരി, ചിന്നൻ നടത്തറ, കുഞ്ഞിരാമൻ ഇടുക്കി എന്നിവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

