തെരഞ്ഞെടുപ്പിൽ കൊട്ടിക്കയറാൻ തൃശൂരിൽ മേയറും ഡെപ്യൂട്ടി മേയറും
text_fieldsതൃശൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ തൃശൂർ കോർപറേഷനിൽ കൊമ്പുകോർത്ത് മേയറും ഡെപ്യൂട്ടി മേയറും. മേയർ എം.കെ. വർഗീസും ഡെപ്യൂട്ടി മേയർ എം.എൽ. റോസിയും തമ്മിൽ ഏറെക്കാലമായി നിലനിന്ന ശീതയുദ്ധമാണ് കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രകടമായത്. ഇരുവർക്കും പാർട്ടി ചട്ടക്കൂടുകൾ ബാധകമല്ലാത്തതിനാൽ വരുംദിവസങ്ങളിൽ തർക്കം കൂടുതൽ രൂക്ഷമാകാനും സാധ്യത ഏറെയാണ്. മേയറുടെ പല നിലപാടുകൾക്കുമെതിരെ മുമ്പും കടുത്ത വിയോജിപ്പുമായി റോസി രംഗത്തെത്തിയിരുന്നു. ഭരണപക്ഷത്തെ മൂപ്പിളമ തർക്കമാണ് ഇപ്പോൾ കൂടുതൽ പ്രകടമായിരിക്കുന്നത്.
കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എം.കെ. വർഗീസിന് പൂർണമായും വഴങ്ങിക്കൊടുക്കേണ്ട ഗതികേടിയിലായിരുന്നു ഭരണപക്ഷത്തുള്ള എൽ.ഡി.എഫ്. അതിന് കഴിഞ്ഞ അഞ്ചു വർഷവും അവർ കേൾക്കേണ്ടിവന്ന പഴി ചില്ലറയല്ല. കഴിഞ്ഞ ദിവസം അരിസ്റ്റോ റോഡുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റവും രൂക്ഷമായത്.
അടുത്തയാഴ്ച മേയറും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ബിന്ദുവും ചേർന്ന് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്ന റോഡാണ് പ്രതിപക്ഷ കൗൺസിലർമാരുടെയും പ്രതിപക്ഷനേതാവ് രാജൻ പല്ലന്റെയും സഹകരണത്തോടെ ഡെപ്യൂട്ടി മേയർ ഉദ്ഘാടനം ചെയ്തത്. തുടർന്ന് ഭരണപക്ഷത്ത് തർക്കം രൂക്ഷമായി. മേയർക്ക് സർവ പിന്തുണയുമായി കൂടെനിൽക്കുന്ന വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വർഗീസ് കണ്ടംകുളത്തി അടക്കം ഡെപ്യൂട്ടി മേയറുടെ പ്രവൃത്തിക്കെതിരെ രംഗത്തുണ്ട്. മേയറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വിട്ടുനിന്നിട്ടും ഉദ്ഘാടനം നടത്തിയെന്ന് മാത്രമല്ല, മേയർക്കെതിരെ രൂക്ഷ പരാമർശം നടത്താനും ഡെപ്യൂട്ടി മേയർ മടിച്ചില്ല.
മേയറുടെ ഓഫിസിനെ നിയന്ത്രിക്കുന്നത് താൽക്കാലിക ജീവനക്കാരുടെ ഒരു കൂട്ടമാണ് എന്നായിരുന്നു അവരുടെ ആരോപണം. അടുത്തിടെ നടന്ന കൗൺസിൽ യോഗങ്ങളിലും ഭരണപക്ഷത്തിനും മേയർക്കും എതിരായ അഭിപ്രായപ്രകടനങ്ങളാണ് ഡെപ്യൂട്ടി മേയർ നടത്തുന്നത്. അടുത്ത തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണ് ഡെപ്യൂട്ടിമേയർ കളിക്കുന്നതെന്നാണ് ഭരണപക്ഷത്തുള്ള സി.പി.എം, സി.പി.ഐ കൗൺസിലർമാർ ആരോപിക്കുന്നത്. അതേസമയം, തെരഞ്ഞെടുപ്പോടെ മേയർ എം.കെ. വർഗീസ് ബി.ജെ.പിയിൽ എത്തുമെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

