എതിർപ്പുകൾ അവഗണിച്ച് അടിപ്പാത നിർമാണം; ദേശീയപാതയിൽ ഗതാഗതക്കുരുക്ക് നീളുന്നത് മണിക്കൂറുകൾ
text_fieldsദേശീയപാതയിൽ കൊരട്ടിയിലെ ഗതാഗതക്കുരുക്ക്
തൃശൂർ: പാലക്കാട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തുനിന്നും അങ്കമാലിയിലേക്കും തിരിച്ചുമുള്ള യാത്ര ജനങ്ങൾക്ക് ദുഃസ്വപ്നമാകുന്നു. മണിക്കൂറുകളാണ് ഓരോ ദിവസവും യാത്രക്കാർ റോഡിൽ കുടുങ്ങിക്കിടക്കുന്നത്. എന്നാലും കൃത്യമായി ടോൾ നൽകണമെന്നതിൽ മാത്രം ഒരു വ്യത്യാസവുമില്ല. ഒരു മുന്നൊരുക്കവുമില്ലാതെ മൺസൂണിന് മുമ്പ് പൂർത്തിയാക്കാനാവില്ലെന്ന് ഉറപ്പുണ്ടായിട്ടും ജനകീയ എതിർപ്പുകൾ അവഗണിച്ച് തുടങ്ങിയ അടിപ്പാത നിർമാണമാണ് ഗതാഗതക്കുരുക്കിന് കാരണം. ഈ മഴക്കാലം മുഴുവൻ യാത്രക്കാർ കുരുക്കിൽ കഴിയേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
നിലവിൽ ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര, ആമ്പല്ലൂർ എന്നിവിടങ്ങളിലാണ് മണ്ണുത്തി - അങ്കമാലി സ്ട്രച്ചിൽ അടിപ്പാത നിർമാണം നടക്കുന്നത്. സിഗ്നൽ ജങ്ഷനുകളായതിനാൽ ഇവിടങ്ങളിൽ ചെറിയ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ഉയർന്ന ടോൾ പിരിക്കുന്ന സാഹചര്യത്തിൽ ഇതുകൂടി ഒഴിവാക്കി ദേശീയപാതയിലെ ഗതാഗതം കൂടുതൽ സുഗമമാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ, സർവീസ് റോഡുകൾ പോലും പൂർണ സജ്ജമാക്കാതെ ദേശീയപാത അതോറിറ്റി നിർമാണ പ്രവർത്തനം ആരംഭിച്ചതാണ് എല്ലാം താറുമാറാക്കിയത്.
കേരളത്തിൽ തന്നെ ഏറ്റവും വാഹന സാന്ദ്രത കൂടിയ പാതയാണിത്. ഇടതടവില്ലാതെ കനത്ത മൺസൂൺ മഴ പെയ്യുന്ന സംസ്ഥാനമാണ് കേരളം. ഇക്കാര്യങ്ങൾ പരിഗണിക്കാതെ നാലിടത്ത് ഒറ്റയടിക്ക് അടിപ്പാത നിർമിക്കാൻ ചാടിയിറങ്ങുകയായിരുന്നു ദേശീയപാത അതോറിറ്റി. ഒരുവശത്തേക്കുള്ള നിർമാണം പൂർത്തിയാക്കിയ ശേഷം എതിർ വശത്തേക്കുള്ള നിർമാണം നടത്തണമെന്ന ആവശ്യം ബന്ധപ്പെട്ട സ്ഥലങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുഴുവൻ റോഡും പൊളിച്ച് ഒറ്റയടിക്ക് നിർമാണം തുടങ്ങുകയെന്ന സമീപനമാണ് ദേശീയപാത അതോറിറ്റി സ്വീകരിച്ചത്.
നിലവിലെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് വലിയ ഗതാഗതക്കുരുക്ക് ഇല്ലായിരുന്നു. ദേശീയപാതയിൽനിന്ന് താലോർ വഴി തൃശൂർ നഗരത്തിലേക്ക് പ്രവേശിക്കുന്ന പാതയിൽ ഒല്ലൂരിലും കുര്യച്ചിറയിലുമാണ് കുരുക്ക് ഉണ്ടായിരുന്നത്. കുര്യച്ചിറയിൽ റോഡ് നന്നാക്കിയതോടെ പ്രശ്നങ്ങളൊഴിഞ്ഞു.
ഒല്ലൂരിലും കുരുക്കിൽ കുറവ് വന്നിട്ടുണ്ട്. കുട്ടനെല്ലൂർ വഴി കയറുന്ന റോഡിൽ രാവിലെയും വൈകുന്നേരവും കുരുക്ക് രൂപപ്പെടാറുണ്ട്. നിത്യവും തൃശൂർ നഗരത്തിലേക്കും പുറത്തേക്കും ജോലിക്ക് പോകുന്നവരാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്. വളരെ നേരത്തെ വീട്ടിൽനിന്ന് ഇറങ്ങേണ്ടി വരികയും വൈകി തിരിച്ചെത്തുകയും ചെയ്യേണ്ടി വരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും വഴിയിൽ കുടുങ്ങുന്നുണ്ട്.
സ്കൂളുകളും കോളജുകളും തുറക്കാൻ കേവലം ഒരാഴ്ച മാത്രമാണ് ശേഷിക്കുന്നത്. ജൂൺ ആദ്യവാരത്തോടെ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. റോഡ് മര്യാദകൾ പാലിക്കാത്ത ചില ഡ്രൈവർമാരും സ്ഥിതി വഷളാക്കുന്നതിന് കാരണക്കാരാണ്. വരി തെറ്റിച്ച് മുന്നിൽ കയറാൻ ശ്രമിക്കുന്നതോടെ എതിർ വശത്ത് നിന്ന് എത്തുന്ന വാഹനങ്ങളും കുരുക്കിലാകുന്നു. പൊലീസുകാരുടെ കുറവും പ്രശ്നമാകുന്നുണ്ട്.
ഫലപ്രദമായ നടപടികൾ അകലെ
തൃശൂർ: പൊതുജനങ്ങളെ പെരുവഴിയിലാക്കിയതിൽ ജില്ല ഭരണകൂടത്തിന്റെ ആർജവമില്ലായ്മക്കും വലിയ പങ്ക്. ജനങ്ങൾ റോഡിൽ കിടന്ന് വലയുമ്പോഴും പതിവ് അവലോകന യോഗങ്ങൾക്കപ്പുറം എന്തെങ്കിലും ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ ജില്ല കലക്ടർക്ക് കഴിയുന്നില്ലെന്നാണ് ആരോപണം. ഗതാഗതക്കുരുക്ക് പരിഹരിക്കാതെ പാലിയേക്കരയിൽ ടോൾ പിരിവ് പാടില്ലെന്ന് കാണിച്ച് ഏതാനും ദിവസം മുമ്പ് പുറത്തിറക്കിയ ഉത്തരവ് 24 മണിക്കൂറിനകം കലക്ടർക്ക് റദ്ദാക്കേണ്ടിവന്നു. ടോൾ പിരിവ് കമ്പനിയുടെ സ്വാധീനം മനസ്സിലാക്കിയ കലക്ടർ പിന്നീട് തുടർനടപടികൾക്കൊന്നും മുതിർന്നിട്ടില്ല.
സാധാരണ യാത്രക്കാരുടെ ബുദ്ധിമുട്ടൊന്നും തങ്ങൾക്ക് അറിയേണ്ടതില്ലെന്ന നിലപാടാണ് പൊതുവിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്കുള്ളത്. അതുകൊണ്ടുതന്നെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടേയോ അധികൃതരുടേയോ നിർദേശങ്ങളും ശിപാർശകളൊന്നും പരിഗണിക്കാറേയില്ല. മുരുങ്ങൂരിൽ അടിപ്പാത നിർമാണം രണ്ട് വശത്തേക്കും ഒരേസമയം തുടങ്ങാൻ തീരുമാനിച്ചതിനെതിരെ ജനപ്രതിനിധികൾ രംഗത്തെത്തിയപ്പോൾ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ അവഹേളനപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിയുണ്ട്.
പാതയുടെ നിർമാണച്ചെലവും വൻലാഭവും കിട്ടിക്കഴിഞ്ഞ സാഹചര്യത്തിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നതാണ്. ടോൾ പിരിവിനെതിരായ ഹരജികൾ ഹൈകോടതിയുടെ പരിഗണനയിലുമുണ്ട്. അധികൃതർ ടോൾ കമ്പനികൾക്ക് അനുകൂലമായതിനാലാണ് പിരിവ് അവസാനിക്കാത്തതെന്നാണ് ആക്ഷേപം. റോഡിലെ കുരുക്ക് കഴിഞ്ഞ് ടോളിൽ എത്തുമ്പോഴും പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിരയാണ് ഉണ്ടാകാറുള്ളത്. വിഷയം കോടതി പരിഗണിച്ചപ്പോൾ ടോളിലെ കുരുക്ക് 100 മീറ്ററിലധികം നീണ്ടാൽ പണം ഈടാക്കാതെ വാഹനങ്ങൾ കടത്തി വിടണമെന്നായിരുന്നു നിർദേശം. ഇത് ഒരിക്കലും കമ്പനി പാലിക്കാറില്ല. ഇത് ശ്രദ്ധിക്കേണ്ട ഉദ്യോഗസ്ഥരാകട്ടെ ഇതുവഴി വരാറുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

