കല്ലംകുന്ന് സർവിസ് സഹകരണ ബാങ്കിന് കീഴിെല ഓയിൽ മില്ലിൽ വൻ തീപിടിത്തം
text_fieldsകല്ലംകുന്ന് സർവിസ് സഹകരണ ബാങ്കിന് കീഴിെല ഓയിൽ മില്ലിലുണ്ടായ തീപിടിത്തം
ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിൽ കല്ലംകുന്ന് സർവിസ് സഹകരണ ബാങ്കിന്റെ കീഴിെല ഓയിൽ മില്ലിൽ വൻ തീപിടിത്തം. ഞായറാഴ്ച രാവിലെ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. പ്ലാന്റിന്റെ പടിഞ്ഞാറേ ഭാഗവും യന്ത്ര സംവിധാനങ്ങളും കത്തിനശിച്ചു.
രാവിലെ പത്തോടെ എത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് തീ പടരുന്നത് ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട, ചാലക്കുടി, മാള, കൊടുങ്ങലൂർ, പുതുക്കാട് എന്നിവിടങ്ങളിൽനിന്ന് എത്തിയ അഞ്ച് ഫയർ യൂനിറ്റുകളുടെ നേതൃത്വത്തിൽ ഒരു മണിയോടെയാണ് തീയണച്ചത്. ഏഴ് ടൺ വെളിച്ചെണ്ണയും അഞ്ച് ടൺ കൊപ്രയും അകത്ത് ഉണ്ടായിരുന്നു. ഇതിനുമാത്രം 12 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. യന്ത്രസമാഗ്രികള്‍ ഉള്‍പ്പെടെയുള്ളവയുടെ നഷ്ടക്കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല.
കല്ലംകുന്ന് ബാങ്കിന്റെ കീഴിൽ 2005ലാണ് ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസിങ് യൂനിറ്റ് ആരംഭിച്ചത്.കല്പശ്രീ എന്ന പേരിലാണ് വെളിച്ചെണ്ണ പുറത്തിറക്കുന്നത്. ഷോർട്ട് സർക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബാങ്ക് ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയനേതാക്കൾ എന്നിവർ സ്ഥലം സന്ദർശിച്ചു. ഇരിങ്ങാലക്കുട പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രവർത്തനസജ്ജമാക്കാൻ വേണ്ടത് മൂന്ന് കോടി രൂപ
ഇരിങ്ങാലക്കുട: നഷ്ടത്തിൽനിന്ന് ലാഭത്തിലേക്ക് നടന്നടുക്കുന്ന ഇടതുപക്ഷ നിയന്ത്രണത്തിലുള്ള ബാങ്കിന് കനത്ത തിരിച്ചടിയാണ് പുതുവത്സരദിനത്തിൽ മില്ലിൽ ഉണ്ടായ തീപിടിത്തം.
മൂന്ന് എക്സ്പല്ലർ, രണ്ട് ഫിൽട്രേഷൻ യൂനിറ്റ്, മൈക്രോ ഫിൽറ്റർ, കട്ടർ, റോസ്റ്റർ, രണ്ട് കൺവെയർ എന്നിവ പൂർണമായും നശിച്ചു. ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിലും പ്ലാന്റ് വീണ്ടും പ്രവർത്തനസജ്ജമാക്കാൻ മൂന്ന് കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. 60 സെന്റ് സ്ഥലത്താണ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിനും മേൽക്കൂരകൾക്കും നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
പ്രവർത്തനം ആരംഭിച്ച് 50 വർഷം പിന്നിട്ട ബാങ്കിന്റെ കീഴിൽ 1998 ലാണ് നാളികേര സംഭരണം ആരംഭിച്ചത്. പ്രതിദിനം 2000 കിലോ വെളിച്ചെണ്ണയാണ് ഉൽപാദിപ്പിക്കുന്നത്. പി.എൻ. ലക്ഷ്മണൻ പ്രസിഡന്റായുള്ള ഭരണസമിതിയാണ് ഭരണം നടത്തുന്നത്. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

