മരത്തംകോട് മരമില്ലിൽ വൻ തീപിടിത്തം; 50 ലക്ഷത്തിന്റെ നഷ്ടം
text_fieldsമരത്തംകോട് മരമില്ലിൽ
ഉണ്ടായ തീപിടിത്തം
കുന്നംകുളം: മരത്തംകോട് മരമില്ലിലുണ്ടായ വൻ തീപിടിത്തത്തിൽ സാധന സാമഗ്രികളും കെട്ടിടവും കത്തി നശിച്ചു. മേരി മാതാ പള്ളിക്കു സമീപം സൂര്യ വുഡ് ഇന്റസ്ട്രീസ് ആൻഡ് ഫര്‍ണിച്ചര്‍ വര്‍ക്ക്സ് എന്ന സ്ഥാപനത്തിൽ തിങ്കളാഴ്ച രാത്രി 12ഓടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം.
എതിർവശത്തെ ടർഫിൽ കളിച്ചുകൊണ്ടിരുന്നവരാണ് തീ ആദ്യം കണ്ടത്. കെട്ടിടവും യന്ത്രങ്ങളും മൂന്ന് മോട്ടോറുകളും മരം തള്ളാനുള്ള യന്ത്രവും വാൾ മൂർച്ച കൂട്ടാനുള്ള യന്ത്രവും ഉരുപ്പടിയാക്കിയിട്ട് മൂന്ന് മുറികളിലായി സൂക്ഷിച്ച മരത്തടികളും പൂർണമായി കത്തി നശിച്ചു. 50 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. അഞ്ച് മണിക്കൂർ ശ്രമഫലമായാണ് തീയണച്ചത്.
കുന്നംകുളം, വടക്കാഞ്ചേരി, ഗുരുവായൂര്‍, തൃശൂര്‍ എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി ഏഴ് യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തിയിരുന്നു. കുന്നംകുളം പൊലീസും സ്ഥലത്തെത്തി.
പന്നിത്തടം മുണ്ടംത്തറ ബാലകൃഷ്ണന്റെതാണ് മിൽ. ചൊവ്വന്നൂർ വെള്ളക്കട ഹരിദാസാണ് ഇപ്പോൾ സ്ഥാപനം പ്രവർത്തിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

