വീട് അടിച്ചുതകർത്ത് പുറത്താക്കി; കുടുംബം മൂന്നു ദിവസമായി തെരുവിൽ
text_fieldsപഴയന്നൂർ: വീട് അടിച്ചുതകർത്ത് വീട്ടുകാരെ ആക്രമിച്ചു പുറത്താക്കി. തിരിച്ചുവന്നാൽ തീർക്കുമെന്ന് അയൽവാസിയുടെ കൊലവിളി. ഭയന്ന കുടുംബം രോഗിയായ മാതാവുമായി രണ്ടു നാളായി തെരുവിൽ. കുമ്പളക്കോട് തലാടിക്കുന്ന് നാരായണൻകുട്ടിയും (36) അമ്മ വിശാലുവും ഭാര്യ സജിതയും ഇവരുടെ 12കാരിയായ മകളുമാണ് അയൽവാസിയുടെ കൊലവിളിയിൽ ഭയന്ന് തെരുവിൽ കഴിയുന്നത്. അയൽവാസിയുടെ ബന്ധു നാരായണൻകുട്ടിയുടെ സ്ഥലം കൈയേറിയതായി പറയുന്നു. അതുസംബന്ധിച്ച് നാരായണൻകുട്ടിയുടെ അമ്മ വിശാലു കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അക്രമമെന്നാണ് കുടുംബം പറയുന്നത്.
ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ വീട്ടിലെ സർവസാധനങ്ങളും അക്രമി നശിപ്പിച്ചു. ടി.വി, തയ്യൽ മെഷീൻ, കുട്ടിയുടെ ബുക്ക്, പാത്രങ്ങൾ തുടങ്ങി കൂലിവേല ചെയ്ത് സ്വരൂപിച്ച സകല വീട്ടുപകരണങ്ങളും ഇയാൾ തകർത്തു. വീട്ടിനുള്ളിൽ തകർന്ന സാധനങ്ങൾക്കിടയിൽ നിലത്ത് മുഴുവൻ രക്തക്കറയാണ്. ടി.വി ചവിട്ടി പൊട്ടിക്കുന്നതിനിടെ അക്രമിയുടെ കാലിൽ മുറിവേറ്റിരുന്നു. ആദ്യം ഇയാൾ ഇവരെ മർദിച്ചപ്പോൾ കുടുംബം പഴയന്നൂർ പൊലീസിൽ പരാതിയുമായി ചെന്നു. പൊലീസെത്തി ഇയാളെ താക്കീത് ചെയ്തിരുന്നു.
ഇതോടെ കൂടുതൽ ക്ഷുഭിതനായെത്തി ഇവരെ അടിച്ചുപുറത്താക്കിയ ശേഷമാണ് വീട് തകർത്തത്. തിരിച്ചെത്തിയാൽ കൊന്നുകളയുമെന്നാണ് ഇയാളുടെ ഭീഷണി. ഇതോടെയാണ് കുടുംബം വീടുവിട്ടിറങ്ങിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പിന്നീട് ഒരു ദിവസം ആശുപത്രി വരാന്തയിൽ കഴിഞ്ഞു. പിന്നീട് തെക്കേത്തറ വേട്ടക്കൊരുമകൻ കാവ് ക്ഷേത്രത്തിന് മുന്നിലെ ആൽമരചുവട്ടിലാണ് ഇവർ അന്തിയുറങ്ങുന്നത്. അടുത്തുള്ള വീട്ടുകാർ ഭക്ഷണം നൽകുന്നുണ്ട്. എത്ര നാൾ ഇങ്ങനെ കഴിയണമെന്നറിയില്ല. സ്വന്തം വീട്ടിൽ കിടന്നുറങ്ങാനും ഭയമില്ലാതെ കഴിയാനും സഹായിക്കണമെന്നാണ് ഇവരുടെ യാചന. വീട്ടിൽ തിരിച്ചെത്തിയാൽ വെള്ളം കുടിക്കാനുള്ള ഗ്ലാസ് പോലും അക്രമി ബാക്കി വെച്ചിട്ടില്ല. അയൽവാസി മണികണ്ഠനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

