നിലവിളക്കിൽനിന്ന് തീപടർന്ന് വീട് കത്തിനശിച്ചു
text_fieldsതീപിടിത്തതിൽ കത്തിനശിച്ച സാധനങ്ങൾ
പെരുമ്പിലാവ്: പൂജാമുറിയിലെ നിലവിളക്കിൽനിന്ന് തീ പടർന്ന് വീടിനുള്ളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റും കത്തിനശിച്ചു. പെരുമ്പിലാവ് ആൽത്തറ മുല്ലപ്പിള്ളി കുന്ന് റോഡിൽ നാലു സെന്റ് കോളനിക്കു സമീപം പറയത്ത് വളപ്പിൽ പുഷ്പ മണിയുടെ വീടിനുള്ളിലായിരുന്നു തീപിടിത്തം.
വീടും ഭാഗികമായി കത്തിനശിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. അൻസാർ ആശുപത്രി ജീവനക്കാരിയായ പുഷ്പ മണിയും കാറ്ററിങ് തൊഴിലാളിയായ മകനും രാവിലെ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. അയൽവാസികൾ വെള്ളം ശേഖരിക്കാൻ വന്ന സമയത്ത് പുക കണ്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് വീടിന്റെ കഴുക്കോലും മറ്റും കത്തിയമരുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ സമീപവാസികളും നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ച് തീ അണച്ചു. മുറിയിൽ സൂക്ഷിച്ച രണ്ട് കംപ്യൂട്ടറും ടി.വി, വിവിധ രേഖകൾ, വസ്ത്രങ്ങൾ, പുസ്തകങ്ങൾ എന്നിവയും കത്തി നശിച്ചു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി.

