വടയന്ത്രം മുതല്‍ സ്വര്‍ണക്കരണ്ടി വരെ; വിസ്മയമായി ഹോട്ടല്‍ എക്സ്പോ
text_fieldsഹോട്ടല്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ‘ആല്‍ഫ’യുടെ വട ഉല്പാദന യന്ത്രം
തൃശൂര്‍: കൂറ്റന്‍ അടുപ്പ് മുതല്‍ സ്വര്‍ണക്കരണ്ടി വരെയും നിമിഷങ്ങള്‍ക്കുള്ളില്‍ അനേകം വടയും ഇടിയപ്പവും തയാറാക്കുന്ന ആല്‍ഫാ മെഷീനുകളും, ഭക്ഷ്യ വിപണിയിലെ പുതുമയായ ഡ്രൈ ചെയ്ത പച്ചക്കറി ഇനങ്ങള്‍ മുതല്‍ മാംസ വിഭവങ്ങളും മസാലക്കൂട്ടുകളും, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ലുലു കണ്വന്ഷന് സെന്ററില്‍ ആരംഭിച്ച ‘ഹോട്ടല്‍ എക്സ്പോ’യിലാണ് ഈ കൗതുക ഇനങ്ങൾ.
ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും കാറ്ററിങ് സ്ഥാപനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന നൂറ്റമ്പതോളം സ്റ്റാളുകളാണ് പ്രദര്‍ശനത്തിനുള്ളത്. ശീതീകരിച്ച പ്രത്യേക പവലിയനില്‍ സജ്ജമാക്കിയ പ്രദര്‍ശനം പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാം. പടുകൂറ്റന്‍ വിറകടുപ്പിന് 21,000 രൂപയാണ് വില. ആല്‍ഫയുടെ വടയന്ത്രത്തിന് ഒന്നേകാല്‍ ലക്ഷം രൂപയും ഇടിയപ്പം മെഷീന് ഒന്നേമുക്കാല്‍ ലക്ഷവുമാണ് വില. മാലിന്യ സംസ്കരണത്തിനുള്ള ഇന്‍സിനറേറ്റര്‍ പ്ലാന്റുകള്‍ക്ക് 13,000 രൂപ മുതലാണ് നിരക്ക്.
ഡ്രൈ പച്ചക്കറി ഇനങ്ങളുമായി യൂണിവേഴ്സല്‍ ഗ്രീന്‍ ഫുഡ് പ്രോഡക്ട്സ് ആണ് രംഗത്തുള്ളത്. സവാള, വെളുത്തുള്ളി, തേങ്ങ, മുളക് തുടങ്ങിയവ മുതല്‍ പച്ചക്കറികള്‍വരെ ശുചീകരിച്ച് ഉണക്കിയ ‘റിച്ച്’ ഇനങ്ങള്‍ പൊതുവിപണിയിലേക്ക് ഇറക്കിയിട്ടില്ല. ഹോട്ടലുകള്‍ക്ക് മാത്രമാണ് ഇവ നല്‍കുന്നത്. അഞ്ച് മാസംവരെ സാധാരണ ഊഷ്മാവില്‍ കേടുവരാതെ സൂക്ഷിക്കാവുന്ന ഈ ഇനങ്ങള്‍ ഉപയോഗിച്ചാല്‍ സമയം ലാഭിക്കാമെന്നതടക്കം അനേകം ഗുണങ്ങളുണ്ടെന്നാണ് നിര്‍മാതാക്കള്‍ പറയുന്നു.
വിശിഷ്ടമായ മസാലക്കൂട്ടുകളുമായാണ് ബേഫീല്ഡിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നത്. ഗ്രേവി മിക്സുകള്‍, അല്‍ഫാം മസാല, മയൊണൈസ്, സോസ് അടക്കമുള്ള ഇനങ്ങളുമായി സേവറേക്സ്, രുചിയേറിയ ബീഫ് ഇനങ്ങളുമായി മുംബൈ മീറ്റിന്റെ സ്റ്റീക് ഹൗസ്, ഹോട്ടല്‍ ഫര്‍ണിച്ചറുകളുമായി ലക്സ്ഫര് എന്നിങ്ങനെയുള്ള സ്റ്റാളുകള്‍ പ്രദര്‍ശന നഗരിയിലുണ്ട്. എക്സ്പോ ഞായറാഴ്ച വൈകീട്ട് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

