വേനലിൽ കടുത്ത് തെരഞ്ഞെടുപ്പ് ചൂട്
text_fieldsതൃശൂർ: വേനൽ ചൂടിനേക്കാൾ തീക്ഷ്ണമായി തൃശൂരിൽ തെരഞ്ഞെടുപ്പ് ചൂട്. ജനുവരിയിൽ പ്രധാനമന്ത്രി പങ്കെടുത്ത ബി.ജെ.പിയുടെ മഹിളാസംഗമത്തിന് പിന്നാലെ ഈ മാസം നാലിന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത ജനമഹാസഭയും കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ ‘സമരാഗ്നി’ യാത്രയും പ്രചാരണത്തിന് ആവേശം പകർന്നു.
തേക്കിൻകാട് മൈതാനത്ത് 22ന് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പട്ടയമേളയും രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിപ്പിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുമാകുന്നതോടെ ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കും. ഇതിനിടയിൽ സ്നേഹസന്ദേശയാത്രയുമായി ടി.എൻ. പ്രതാപന്റെ പര്യടന പരിപാടിയും നടക്കുന്നുണ്ട്.
25ന് ലുലു ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ നവകേരള സദസ്സിന്റെ തുടർച്ചയായ സാംസ്കാരിക പ്രവർത്തകരുമായുള്ള മുഖാമുഖം പരിപാടി നടക്കും. 26നാണ് കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്ര കഴിയുക.
ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണനും ചാലക്കുടിയിൽ മുൻമന്ത്രി സി. രവീന്ദ്രനാഥും തന്നെയായേക്കുമെന്നാണ് ഇടത് നേതാക്കൾ നൽകുന്ന സൂചന. സിറ്റിങ് എം.പിമാർ മത്സരിക്കണമെന്ന കോൺഗ്രസ് നിലപാടനുസരിച്ച് ആലത്തൂരിൽ രമ്യ ഹരിദാസും ചാലക്കുടിയിൽ ബെന്നി ബെഹനാനും മാറ്റമുണ്ടാകാനിടയില്ല.
സ്നേഹ സന്ദേശയാത്രയുമായി ടി.എൻ. പ്രതാപൻ
തൃശൂർ: അപര വിദ്വേഷത്തിന്റെ വിത്തുപാകുന്ന സംഘ്പരിവാർ സംഘടനകൾക്കെതിരെ തൃശൂർ ലോക്സഭ മണ്ഡലത്തിൽ ടി.എൻ. പ്രതാപൻ എം.പി നടത്തുന്ന ‘വെറുപ്പിനെതിരെ സ്നേഹസന്ദേശയാത്ര’ ചൊവ്വാഴ്ച തൃശൂരിൽനിന്ന് തുടങ്ങും. 14 ദിവസം 300ഓളം കിലോമീറ്റർ പദയാത്രയാണ് നടത്തുന്നതെന്ന് എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വടക്കേക്കാട്ട് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 21ന് വടക്കേക്കാട്, 22ന് നാട്ടിക, 23ന് പാവറട്ടി, 24ന് കാട്ടൂർ, 25ന് തൃശൂർ 26ന് പാണഞ്ചേരി, 27ന് ഗുരുവായൂർ, 28ന് മണലൂർ, 29ന് ഇരിങ്ങാലക്കുട, മാർച്ച് ഒന്നിന് അളഗപ്പനഗർ, രണ്ടിന് ചേർപ്പ്, മൂന്നിന് അയ്യന്തോൾ, നാലിന് ഒല്ലൂർ, അഞ്ചിന പുതുക്കാട് എന്നീ ബ്ലോക്ക് തലങ്ങളിലാണ് യാത്ര.
വാർത്തസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് ജില്ല ചെയർമാൻ എം.പി. വിൻസെന്റ്, ഒ. അബ്ദുറഹ്മാൻ കുട്ടി, ജോസഫ് ചാലിശ്ശേരി, യാത്ര കോഓഡിനേറ്റർ അനിൽ അക്കര, അസി. കോഓഡിനേറ്റർ സി.സി. ശ്രീകുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

