കോവിഡ് അനാഥരാക്കിയ 13 കുട്ടികൾക്ക് കൈത്താങ്ങ്
text_fieldsകോവിഡിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട 13 കുട്ടികൾക്കുള്ള സ്കോളർഷിപ് പദ്ധതിയുടെ രേഖകൾ കലക്ടർ വി.ആർ. കൃഷ്ണ തേജ കൈമാറുന്നു
തൃശൂർ: കോവിഡ് അനാഥരാക്കിയ 13 കുഞ്ഞുങ്ങൾക്ക് കൈത്താങ്ങുമായി ജില്ല ഭരണകൂടം. അധ്യയന വർഷം ആരംഭിക്കാനിരിക്കെ, കോവിഡ് ബാധിച്ച് രക്ഷിതാക്കളിൽ ഒരാളെ നഷ്ടമായ കുട്ടികളുടെ പഠനമാണ് ഏറ്റെടുക്കുന്നത്. യു.പി ക്ലാസുകളിലെ കുട്ടികൾക്ക് പ്രതിവർഷം 6,000 രൂപ, ഹൈസ്കൂൾ വിദ്യാർഥികൾക്ക് 8,000, ഹയർ സെക്കൻഡറി 10,000 രൂപ എന്നിങ്ങനെ സ്കോളർഷിപ് നൽകും. ഉപരിപഠനം ആവശ്യമായ വിദ്യാർഥികൾക്കും സഹായം നൽകും.
സരോജിനി ദാമോദരൻ ഫൗണ്ടേഷൻ വഴിയാണ് സ്കോളർഷിപ് നൽകുന്നത്. കലക്ടർ വി.ആർ. കൃഷ്ണ തേജ ഇത് സംബന്ധിച്ച രേഖകൾ ഫൗണ്ടേഷൻ ചീഫ് മാനേജർ സി. രാമാനന്ദന്‍ കൈമാറി. ജില്ല വികസന കമീഷണർ ശിഖ സുരേന്ദ്രൻ പങ്കെടുത്തു. സ്കോളർഷിപ് തുക വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ട് വഴി നൽകും.
ഇൻഫോസിസ് കോ ഫൗണ്ടറായ എസ്.ഡി. ഷിബുലാൽ 1999ൽ സ്ഥാപിച്ച സരോജിനി ദാമോദരൻ ഫൗണ്ടേഷൻ വിദ്യാർഥികൾക്കുള്ള പഠന, ചികിത്സ സഹായങ്ങൾക്ക് പുറമെ ജൈവകൃഷി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ഭവനനിർമാണം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. രാജ്യത്താകെ അയ്യായിരത്തിലധികം കുട്ടികൾക്ക് വാർഷിക സ്കോളർഷിപ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

