സമയോചിത ഇടപെടല്‍; വയോധിക തിരികെ ജീവിതത്തിലേക്ക്
text_fieldsആമ്പല്ലൂര്‍: പുഴയില്‍ ജീവനൊടുക്കാന്‍ ഇറങ്ങിയ വയോധികയെ പിന്തിരിപ്പിച്ച് തിരികെ വീട്ടിലെത്തിച്ച് ട്രാൻസ്ജെൻഡറുകളും പൊലീസുകാരും. ബുധനാഴ്ച പുലര്‍ച്ചെ ചെക്കിങ്ങിനായി പാലിയേക്കരയില്‍ നില്‍ക്കുകയായിരുന്ന പൊലീസുകാര്ക്കരികിലെത്തിയ ട്രാന്സ്ജെന്ഡറാണ് വയോധിക മണലി പുഴയോരത്തേക്ക് നടന്നു പോകുന്നതായി അറിയിച്ചത്.
സംഭവത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് ഉടന്‍ ട്രാന്‍സ്ജെന്‍ഡര്‍ പറഞ്ഞ സ്ഥലത്തേക്കെത്തി. മൂന്ന് ട്രാന്‍സ്ജെന്‍ഡറുകളുമായി വയോധിക സംസാരിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാരുടെ നേതൃത്വത്തില്‍ ജീപ്പില്‍ വയോധികയെ വീട്ടിലെത്തിച്ചു. വീട്ടുകാര്‍ വയോധിക ഇറങ്ങി പോയത് പൊലീസുകാരെത്തിയപ്പോഴാണ് അറിഞ്ഞത്. ട്രാന്‍സ്ജെന്‍ഡറുകളുടെയും പൊലീസുകാരുടെയും സമയോചിത ഇടപെടലാണ് ഒരു ജീവന് രക്ഷിക്കാനിടയായത്.

