Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ പൂരം...

തൃശൂർ പൂരം സ്ട്രോങ്ങാകും; സുരക്ഷ ഡബിൾ സ്ട്രോങ്

text_fields
bookmark_border
തൃശൂർ പൂരം സ്ട്രോങ്ങാകും; സുരക്ഷ ഡബിൾ സ്ട്രോങ്
cancel
camera_alt

തൃ​ശൂ​ർ പൂ​ര​ത്തി​നാ​യു​ള്ള പാ​റ​മേ​ക്കാ​വ് ദേ​ശ​ത്തി​ന്‍റെ പ​ന്ത​ൽ പ​ണി പു​രോ​ഗ​മി​ക്കു​ന്നു

Listen to this Article

തൃശൂർ: രണ്ട് വർഷം ആഘോഷിക്കാൻ കഴിയാതിരുന്ന തൃശൂർ പൂരത്തിന് ഇത്തവണയൊരുക്കുന്നത് കനത്ത സുരക്ഷ. പൂരത്തിന് തിരക്കേറുമെന്ന സാധ്യത കണക്കിലെടുത്ത് ഇത്തവണ സുരക്ഷക്ക് കൂടുതൽ പൊലീസിനെ വിന്യസിപ്പിക്കുമെന്ന് കമീഷണർ ആർ. ആദിത്യ പറഞ്ഞു. അയ്യായിരത്തിലധികം സേനാംഗങ്ങളെ തൃശൂർ നഗരത്തിൽ പൂരം ഡ്യൂട്ടിക്കായി നിയോഗിക്കും. നേരത്തെ 2500 പേരെയാണ് നിയോഗിക്കാറുള്ളത്. മുൻകാലങ്ങളിൽ പൂരം കാണാൻ എത്താറുള്ളവരേക്കാൾ 40 ശതമാനത്തിലധികം ആളുകൾ ഇത്തവണ എത്തിയേക്കുമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. ഇത് കണക്കിലെടുത്താണ് പൊലീസിന്‍റെ സുരക്ഷ മുന്നൊരുക്കങ്ങൾ.

കുടമാറ്റം നടക്കുന്ന തേക്കിൻകാട് മൈതാനിയിലെ ഒരു ഭാഗത്ത് സ്ത്രീകൾക്ക് സൗകര്യമൊരുക്കാറുണ്ടെങ്കിലും ഇത്തവണ കൂടുതൽ സൗകര്യം സ്ത്രീകൾക്കായി മാറ്റിവെക്കണമെന്ന അഭിപ്രായമുയർന്നിട്ടുണ്ട്. കുടമാറ്റം, ഇലഞ്ഞിത്തറ മേളം, മഠത്തിൽ വരവ്, പാറമേക്കാവ് വരവ്, ഘടക പൂരങ്ങൾ, സ്വരാജ് റൗണ്ട്, നഗരത്തിന്‍റെ അതിർത്തികൾ, ഇടറോഡുകൾ എന്നിവിടങ്ങളിലെല്ലാം പൊലീസ് സുരക്ഷയുണ്ടാവും. ഇതോടൊപ്പം പൊലീസിന്‍റെ ഇപ്പോൾ പ്രവർത്തിക്കുന്ന കാമറകൾ കൂടാതെ കൂടുതൽ കാമറകളും സ്ഥാപിക്കും. സാമ്പിൾ വെടിക്കെട്ട് നാൾ മുതൽ തന്നെ നഗരത്തിൽ ഗതാഗത നിയന്ത്രണം നിലവിൽ വരും. 2019ലെ പൂരം ആഘോഷിച്ചത് പോലെ തന്നെയുള്ള ക്രമീകരണങ്ങളാണ് ഈ വർഷവുമുള്ളതെന്ന് കമീഷണർ പറഞ്ഞു. വെടിക്കെട്ടിന് 200 മീറ്റർ ദൂരം മാറി വേണം ആളുകൾക്ക് പ്രവേശനമെന്നാണ് നിർദേശം. അങ്ങനെയെങ്കിൽ സ്വരാജ് റൗണ്ടിലേക്ക് പ്രവേശനമുണ്ടാവില്ല.

മുൻകാലങ്ങളിലെ പോലെ സ്വരാജ് റൗണ്ടിലേക്ക് കയറിയും ആളുകൾക്ക് വെടിക്കെട്ട് കാണാൻ സൗകര്യമൊരുക്കണമെന്ന് മന്ത്രിതല ചർച്ചയിൽ ദേവസ്വങ്ങൾ ആവശ്യമുയർത്തിയിരുന്നു. അടുത്ത ദിവസം ഒരുക്കം വിലയിരുത്താനെത്തുന്ന പെസോ സംഘവുമായുള്ള ചർച്ചക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമാകും. സ്വരാജ് റൗണ്ടിലേക്ക് ആളുകൾക്ക് അനുമതി നൽകുന്നുവെങ്കിൽ വൻ പൊലീസ് പടയെയും സ്വരാജ് റൗണ്ടിൽ വിന്യസിപ്പിക്കേണ്ടി വരും. നിയമാനുസൃതമായ നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കുമെന്നാണ് കമീഷണർ പറയുന്നത്.

പൂരം കൂടാൻ ഹോട്ടലുകൾ നിറഞ്ഞു

തൃശൂർ: പൂരത്തിന് ഇനിയും രണ്ടാഴ്ച കൂടിയുണ്ടെന്നിരിക്കെ തൃശൂർ നഗരത്തിലെ ഹോട്ടലുകളെല്ലാം നിറഞ്ഞു. ഹോട്ടൽ മുറികളെല്ലാം ഒരു മാസം മുമ്പേ ബുക്ക് ചെയ്ത് കഴിഞ്ഞു. 20,000 മുതൽ 50,000 രൂപ വരെയാണ് 48 മണിക്കൂർ നേരത്തിന് ഹോട്ടലുകൾ ഈടാക്കുന്ന വാടക. മുറികൾ നിറഞ്ഞതിൽ ബാർ അറ്റാച്ച്ഡും അല്ലാത്തതുമെന്ന വ്യത്യാസമൊന്നുമില്ല.

സ്വരാജ് റൗണ്ടിനോട് ചേർന്നുള്ളതടക്കം നഗരത്തിലെ രണ്ട് പ്രമുഖ ഹോട്ടലുകൾ ഓഹരിയുടമകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് അടച്ചിട്ടതിനാൽ ഇവിടങ്ങളിലൊഴികെയെല്ലായിടത്തും മുറികളെല്ലാം നിറഞ്ഞു. ഇതിനിടയിൽ ചിലർ തലേ ദിവസം വിളിച്ചു നോക്കൂ എന്ന നിർദേശവും നൽകുന്നുണ്ട്. ഭീമമായ തുകയീടാക്കാനാണ് ഇതെന്നാണ് പറയുന്നത്. പൂരത്തലേന്ന് മുതൽ ഉപചാരം ചൊല്ലൽ ദിവസം വൈകീട്ട് വരെയാണ് സമയം. ചെറുകിട ഹോട്ടലുകളും ലോഡ്ജുകളും പൂരക്കൊയ്ത്തിൽ പിന്നിലല്ല. വീടുകളുടെ ഭാഗങ്ങൾ വാടകക്ക് നൽകിയും പൂരം വരുമാനത്തിലൂടെ ആഘോഷമാക്കിയവരുമുണ്ട്.

15,000 പേര്‍ക്ക് സൗജന്യമായി ഇഡ്ഡലി നൽകും -ഫാ. ഡേവിസ് ചിറമ്മല്‍

തൃശൂര്‍: തൃശൂര്‍ പൂരത്തിന് 15,000 പേര്‍ക്ക് സൗജന്യമായി ഇഡ്ഡലി നല്‍കുമെന്ന് ഫാ. ഡേവിസ് ചിറമ്മല്‍ വാർത്തസമ്മേളത്തില്‍ അറിയിച്ചു. ഫാ. ഡേവിസ് ചിറമ്മല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ മൂന്ന് ഇഡ്ഡലിയും സാമ്പാറും അടങ്ങുന്ന പാക്കറ്റ് കുടമാറ്റത്തിന്റെ സമയത്താണ് വിതരണം ചെയ്യുക. പെരിങ്ങാവില്‍ തുടങ്ങിയ അമ്മച്ചീടെ അടുക്കളയില്‍ രണ്ട് രൂപക്ക് ഇഡ്ഡലി നല്‍കും. കൂടുതല്‍ എണ്ണം ഇഡ്ഡലി വേണമെങ്കില്‍ രണ്ട് ദിവസം മുമ്പ് അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അമ്മച്ചീടെ അടുക്കള രാവിലെ ഒമ്പത് മുതല്‍ അഞ്ചു വരെയാണ്. എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് നാലു മുതല്‍ എട്ടുവരെ നാട്ടുചന്തയും പ്രവര്‍ത്തിക്കും. വളര്‍ത്തുനായ്ക്കളെ മുതല്‍ പക്ഷിമൃഗാദികളെ വരെ ഇവിടെ നിന്ന് വാങ്ങാം. ഇതിന് പുറമേ ക്ലോത്ത് ബാങ്കും പ്രവര്‍ത്തിക്കുന്നു. ഇവിടെ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവന്‍ അര്‍ഹരായ കേരളത്തിലെ മുഴുവന്‍ അഗതിമന്ദിരങ്ങളിലെയും അന്തേവാസികളുടെ വിശപ്പടക്കാന്‍ ഉപയോഗിക്കും. വാർത്തസമ്മേളനത്തില്‍ ലൈജു സെബാസ്റ്റ്യന്‍, രാജന്‍ പി. തോമസ്, അജീഷ് അമയത്ത്, സി.വി. ജോസ്, നിതിന്‍ പവിത്രന്‍, വിമല്‍ സദാനന്ദന്‍ എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrissur pooram
News Summary - heavy security for thrissur pooram
Next Story