Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകനത്ത മഴ: തൃശൂരിൽ...

കനത്ത മഴ: തൃശൂരിൽ തീരദേശം വെള്ളക്കെട്ടിൽ, രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

text_fields
bookmark_border
കനത്ത മഴ: തൃശൂരിൽ തീരദേശം വെള്ളക്കെട്ടിൽ, രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
cancel
camera_alt

കൊടകര കാവില്‍പാടത്ത് വീടുകള്‍ വെള്ളത്തിലായ നിലയിൽ

തൃശൂർ: ജില്ലയിൽ ശനിയാഴ്ച രാത്രി തുടങ്ങിയ മഴ ഞായറാഴ്ച പകൽ ഉച്ചവരെയും ശക്തമായി തുടർന്നതോടെ ജില്ലയുടെ വിവിധ മേഖലകൾ വെള്ളക്കെട്ടിലായി. കൊടകരയിൽ 20ഓളം വീടുകളിൽ വെള്ളം കയറി. രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ ആരംഭിച്ചു.

വെള്ളം നിറഞ്ഞതിനാൽ പെരിഞ്ഞനത്തെ അറപ്പതോട്‌ പൊട്ടിച്ച്‌ വെള്ളം കടലിലേക്ക്‌ ഒഴുക്കി. വെള്ളക്കെട്ട്‌ രൂക്ഷമായതിനാൽ എടത്തിരുത്തിയിൽ അഞ്ച്‌ ചെറുകെട്ടുകൾ പൊട്ടിച്ച്‌ ജലം ഒഴുക്കിവിട്ടു. മുരിയാട്‌ മുടിച്ചിറ തോടിനോട്‌ ചേർന്ന്‌ നിർമിച്ച സംരക്ഷണ ഭിത്തി തോട്ടിലേക്ക്‌ ചരിഞ്ഞു. കരുവന്നൂർ ഇല്ലിക്കലിലെ ബണ്ട്‌ റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞ്‌ താഴ്‌ഞ്ഞു. ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. കൂടൽമാണിക്യം ക്ഷേത്രത്തിൽ വെള്ളക്കെട്ട്‌ രൂക്ഷമായതിനെ തുടർന്ന്‌ ഉത്സവച്ചടങ്ങുകൾ വെട്ടിക്കുറച്ചു. ആനപ്പുറത്തെ എഴുന്നള്ളത്തും മേളവും ഒഴിവാക്കിയാണ്‌ ക്ഷേത്രത്തിൽ ശീവേലി നടത്തിയത്‌. പാടശേഖരങ്ങളിൽ ഏറെ പ്രദേശങ്ങളിൽ കൊയ്ത്ത് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും പലയിടത്തും കൊയ്ത്തിന് പാകമായി നിൽക്കുകയാണ്. ഇവിടെ വെള്ളക്കെട്ടുയരുന്നത് കൃഷിയെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ.

ജനപ്രതിനിധികളുടെയും കർഷകരുടെയും നേതൃത്വത്തിൽ നാട്ടുകാർ പലയിടത്തും വെള്ളം ഒഴുക്കിവിടുന്നുണ്ടെങ്കിലും മഴ തുടർന്നാൽ ഇത് മതിയാവില്ല. തീരപ്രദേശങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ട്‌ രൂപപ്പെട്ടിട്ടുണ്ട്‌. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, മതിലകം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുയർന്നു. തൃപ്രയാർ റോഡിൽ ഹർബർട്ട് കനാലിൽ പാലം പുതുക്കിപ്പണിയുന്നതിന്‍റെ ഭാഗമായി ഇപ്പോൾ താൽക്കാലികമായി നിർമിച്ച റോഡിൽ മുകൾ ഭാഗത്തുനിന്ന് ഒഴുകിവരുന്ന വെള്ളം താഴോട്ട് ഒഴുകിപ്പോകാനാവശ്യമായ പൈപ്പുകൾ സ്ഥാപിച്ചിട്ടില്ല. വർഷം കനത്താൽ പരിസര പ്രദേശത്ത് വലിയ അപകടമാണ് പതിയിരിക്കുന്നത്.

ഹർബർട്ട് കനാലിന്‍റെ ഇരു ഭാഗത്തും താമസിക്കുന്ന പാവപ്പെട്ടവരെയാണ് ഇത്‌ ബാധിക്കുക. കനാൽ ബണ്ടുകൾ മുറിയാനും സാധ്യതയുണ്ട്. പരിഹാരമാർഗം കാണാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് ജില്ല കോൾ കർഷക സംഘം പ്രസിഡന്‍റ് കൂടിയായ കെ.കെ. കൊച്ചു മുഹമ്മദ്‌ ആവശ്യപ്പെട്ടു. ജില്ലയിൽ റെഡ് അലർട്ട് സാഹചര്യത്തിൽ വിവിധ വകുപ്പ് മേധാവികളുടെയും തഹസിൽദാർമാരുടെയും അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ്, കലക്ടർ ഹരിത വി. കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ യോഗത്തിൽ, മഴ തുടർന്നാൽ വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്തു.

ഏതു സാഹചര്യവും നേരിടാൻ എല്ലാ വകുപ്പുകളും സജ്ജരായിരിക്കണമെന്ന് കലക്ടർ നിർദേശം നൽകി. തീരപ്രദേശം, ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കെ.എസ്.ഇ.ബി അധികൃതർ പ്രത്യേക ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും പോസ്റ്റുകൾ തകർന്നും വൈദ്യുതി കമ്പികൾ പൊട്ടാനും ഷോക്കേറ്റ് ആളുകൾക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ലഘൂകരിക്കാൻ വേണ്ട മുൻകരുതലുകൾ അടിയന്തരമായി സ്വീകരിക്കണം. കെ.എസ്.ഇ.ബി കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്നും നിർദേശം നൽകി. യോഗത്തിൽ കമീഷണർ ആർ. ആദിത്യ, റൂറൽ എസ്.പി ഐശ്വര്യ ഡോങ്റെ, ജില്ല ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്കര്‍, തഹസിൽദാർമാർ, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കാവില്‍പാടത്തെ വീടുകള്‍ വെള്ളത്തിൽ

കൊടകര: കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയില്‍ കൊടകര പഞ്ചായത്തിലെ കാവില്‍പാടത്ത് വീടുകള്‍ വെള്ളത്തിലായി. 15 വീടുകളാണ് വെള്ളക്കെട്ടിലായത്. ഏതാനും വീടുകള്‍ക്കകത്തേക്ക് വെള്ളം കയറി. മഴ തുടര്‍ന്നാല്‍ വെള്ളക്കെട്ട് രൂക്ഷമാകാന്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് കൊടകര ജി.എല്‍.പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഒരു കുടുംബത്തെയാണ് ഇവിടേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.

ഇവിടത്തെ ഏതാനും കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. മഴ കനത്തുപെയ്താല്‍ വീടുകളില്‍ ദുരിതം നിറയുന്ന പ്രദേശമാണ് കൊടകര പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള കാവില്‍പാടം പ്രദേശം. താഴ്ന്ന പ്രദേശമായതിനാല്‍ മഴവെള്ളം ശരിയായി ഒഴുകി പോകാതെ കെട്ടിനിൽക്കുന്നതാണ് ഇവിടത്തെ ദുരിതത്തിനു കാരണമാകുന്നത്. നിരവധി വീടുകളുള്ള പ്രദേശമാണിത്. എല്ലാവര്‍ഷവും മഴക്കാലമായാല്‍ കാവില്‍പാടം പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. വീടുകളും റോഡുകളും ഒരുപോലെ വെള്ളത്തില്‍ മുങ്ങുന്നതിനാല്‍ പുറത്തിറങ്ങാന്‍പോലും കഴിയാതെ ഇവിടത്തെ കുടുംബങ്ങള്‍ ദുരിതത്തിലാവും.

വെള്ളം ഒഴുകിപ്പോകാത്തതാണ് പ്രധാന പ്രശ്‌നം. വെള്ളം ശരിയായി ഒഴുക്കിവിടാന്‍ പര്യാപ്തമായ വീതിയും ആഴവുമുള്ള തോടുകള്‍ ഇവിടെയില്ല. നിലവിലുള്ള ചാലുകളും തോടുകളും യഥാസമയം വൃത്തിയാക്കാത്തതും മഴക്കെടുതിക്ക് കാരണമാകുന്നു. വര്‍ഷങ്ങളായി തുടരുന്ന ഈ ദുരിതത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഓരോ മഴക്കാലത്തും വീടുകള്‍ വെള്ളത്തിലായി ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറ്റേണ്ട ഗതികേടില്‍നിന്ന് തങ്ങളെ മോചിപ്പിക്കണമെന്ന ആവശ്യമാണ് കാവില്‍പാടത്തെ ജനങ്ങള്‍ അധികാരികള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നത്.


വാർഡ് അംഗം പി.എച്ച്. ബാബുവിന്റെ നേതൃത്വത്തിൽ പൈനൂർ ചിറക്കെട്ട് പൊട്ടിച്ച് വെള്ളം കനോലി കനാലിലേക്ക് വിടുന്നു

ചിറക്കെട്ടുകൾ പൊട്ടിച്ചു, അറപ്പ തുറന്നു

കയ്പമംഗലം: മൂന്നു ദിവസത്തോളമായി തുടരുന്ന കനത്ത മഴയിൽ തീരദേശത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. എടത്തിരുത്തി പഞ്ചായത്തിലെ പൈനൂർ, പല്ല, കുട്ടമംഗലം, ചെന്ത്രാപ്പിന്നി ഈസ്റ്റ്, കോഴിത്തുമ്പ്, അയ്യൻപടി, കയ്പമംഗലം പഞ്ചായത്തിലെ കാക്കാത്തിരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. കാന നിർമാണത്തിന് റോഡ് പൊളിച്ചിട്ടതിനാൽ പലയിടത്തും വെള്ളം ഒഴുകി പോകാത്തതും വെള്ളക്കെട്ടിന് കാരണമായി. വെള്ളക്കെട്ട് ഒഴിവാക്കാൻ എടത്തിരുത്തി പൈനൂരിൽ ചെറുതും വലുതുമായ അഞ്ച് ചിറക്കെട്ടുകൾ പൊട്ടിച്ച് പുഴയിലേക്കൊഴുക്കി. പെരിഞ്ഞനത്ത് അറപ്പ പൊട്ടിച്ച് വെള്ളം കടലിലേക്കൊഴുക്കി. ഉൾനാടൻ റോഡുകളിലും വെള്ളം കയറിക്കിടക്കുകയാണ്. നിരവധി വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. വെള്ളക്കെട്ട് കൂടുതൽ രൂക്ഷമായാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

അടിയന്തര സാഹചര്യത്തിന് സജ്ജം

ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ പൊലീസ്, ഫയർഫോഴ്സ്, ജലസേചന വകുപ്പുകൾക്ക് പ്രത്യേക നിർദേശം നൽകി. ജില്ല കൺട്രോൾ റൂമിൽ റവന്യൂ, പൊലീസ്, ഫയർ, കെ.എസ്.ഇ.ബി, ഇറിഗേഷൻ ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിയോഗിച്ചു. ജില്ലയിലെ ഡാമുകൾ, ബണ്ടുകൾ എന്നിവയുടെ സ്ഥിതിഗതികൾ കലക്ടർ വിലയിരുത്തി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിൽ ഖനനം, കിണർ കുഴിക്കൽ പോലുള്ള പ്രവൃത്തികൾ നിർത്തിവെക്കാൻ ജിയോളജി വകുപ്പിന് നിർദേശം നൽകി. ജില്ലയിലെ തോടുകൾ, അഴുക്കുചാലുകൾ എന്നിവിടങ്ങളിലെ വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കുന്നതിന് പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. അവശ്യ മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതിനും ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും തഹസിൽദാർമാർക്ക് കലക്ടർ നിർദേശം നൽകി. ജില്ലയിലെ അപകട സാധ്യതയുള്ള മലയോര മേഖലകളിലുള്ളവർക്കും മണ്ണിടിച്ചിൽ സാധ്യത മേഖലകളിലുള്ളവർക്കും മഴ ശക്തമാകുന്ന പക്ഷം മാറിത്താമസിക്കാൻ നോട്ടീസ് നൽകി. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി മുന്നറിയിപ്പ് നൽകണം. ആവശ്യമായ പക്ഷം മാറിത്താമസിക്കാൻ സാഹചര്യം ഒരുക്കിയിട്ടുണ്ട്. മത്സ‍്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകുന്നില്ലെന്ന് ഫിഷറീസ് വകുപ്പും കോസ്റ്റൽ പൊലീസും ഉറപ്പാക്കണം.

ഇല്ലിക്കൽ ബണ്ട് റോഡ് കലക്ടർ സന്ദർശിച്ചു

മഴക്കെടുതിയിൽ തകർന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഇല്ലിക്കൽ ബണ്ട് റോഡ് മന്ത്രി ആർ. ബിന്ദുവിന്‍റെ പ്രത്യേക നിർദേശപ്രകാരം കലക്ടർ ഹരിത വി. കുമാർ സന്ദർശിച്ചു. സ്ഥലത്തെ നാശനഷ്ടങ്ങൾ വിലയിരുത്തി. മൂർക്കനാട് നിന്ന് കാറളം ഭാഗത്തേക്ക് ഇല്ലിക്കൽ ബണ്ടിന് മുകളിലൂടെ പോകുന്ന റോഡാണ് ഭാഗികമായി തകർന്ന് ഗതാഗതയോഗ്യമല്ലാതായി മാറിയത്. മുൻ പ്രളയത്തിലും റോഡിന് തകർച്ച സംഭവിച്ചിരുന്നു. കാറളം പ്രസിഡന്‍റ് സീമ പ്രേംരാജ്, കൗൺസിലർ നസീമ കുഞ്ഞുമോൻ, പി.കെ. ജയാനന്ദൻ, റവന്യൂ, പഞ്ചായത്ത്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും കലക്ടറോടൊപ്പമുണ്ടായിരുന്നു.


Show Full Article
TAGS:heavy rain relief camp 
News Summary - Heavy rains: Two relief camps opened in Thrissur
Next Story