പുതുക്കാട്ട് മണ്ണിടിച്ചിൽ, പീച്ചി, ചിമ്മിനി ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
text_fieldsമമ്മിയൂർ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ വെള്ളം ഉയർന്നപ്പോൾ
തൃശൂർ: രാവിലെയുടെ ശാന്തതയിൽ ആശ്വാസം കൊണ്ടിരുന്ന ജില്ലയുടെ മനസ്സ് ഉച്ച കഴിഞ്ഞതോടെ പിടഞ്ഞു തുടങ്ങി. ഉച്ച വരെ കാര്യമായി അനക്കമില്ലാതെയും ഒറ്റപ്പെട്ടും പെയ്തൊഴിഞ്ഞ മഴ ഉച്ച കഴിഞ്ഞതോടെ തനിസ്വരൂപം പുറത്തെടുത്തു. ചാവക്കാടും ഗുരുവായൂരും കുന്നംകുളവും ആമ്പല്ലൂർ കല്ലൂർ മേഖലയും മണിക്കൂറിലധികം വെള്ളക്കെട്ടിലായി. മലയോര മേഖലയായ പുതുക്കാട് വടക്കേതൊറവിൽ മണ്ണിടിഞ്ഞു. അപകടാവസ്ഥയിലായ മൂന്ന് കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചു. പുത്തൂരിൽ മണ്ണിടിച്ചിൽ സാധ്യത റിപ്പോർട്ട് ചെയ്ത കോക്കോത്ത് കോളനിയിലെയും ചിറ്റക്കുന്ന് പ്രദേശങ്ങളിലെയും ജനങ്ങളെ മാറ്റിത്താമസിപ്പിച്ചു. ഇരിങ്ങാലക്കുട തളിയക്കോണത്ത് വീട്ടുകിണർ ഇടിഞ്ഞു താഴ്ന്നു.
കീരമ്പത്തൂര് രാമന് ഇളയതിെൻറ വീട്ടുകിണറാണ് ഇടിഞ്ഞ് വീണത്. കല്ലൂർ- കള്ളായി റോഡില്‍ അയ്യങ്കോട് ഭാഗത്ത് വെള്ളം കയറി. റോഡരികിലെ കാനകള്‍ നിറഞ്ഞതോടെയാണ് റോഡിലേക്ക് വെള്ളം കയറിയത്. കല്ലൂര്‍ - പള്ളം കോളനിയില്‍ വെള്ളം കയറി. 12 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നെന്മണിക്കര പഞ്ചായത്തിലെ പുലക്കാട്ടുകര മൈത്രി നഗറിലും ചിറ്റിശ്ശേരി മേമ്പിള്ളി പാടത്തും വെള്ളം കയറി. തൃശൂർ- കുറ്റിപ്പുറം റോഡിൽ ചൂണ്ടൽ പാടവും വെള്ളം നിറഞ്ഞു. കുന്നംകുളം നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങി. 20ഓളം വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ചൂണ്ടലിലെ സ്വകാര്യ ആശുപത്രിയുടെ കാഷ്വാലിറ്റിയിലും വാർഡിലും വെള്ളം കയറി. കൊടുങ്ങല്ലൂരിലെ താഴ്ന്ന പ്രദേശങ്ങളിലും തീരദേശത്തും വെള്ളക്കെട്ട് രൂക്ഷമായി. വെള്ളക്കെട്ട് ഭീഷണി നേരിടുന്നുണ്ടെങ്കിലും നിലവിൽ കൊടുങ്ങല്ലൂർ താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല. ഗുരുവായൂർ ക്ഷേത്രത്തിെൻറ പരിസരവും മമ്മിയൂർ ക്ഷേത്രത്തിന് മുൻവശവുമുൾപ്പെടെ വെള്ളം നിറഞ്ഞു. കോൾ മേഖലയാകെ വെള്ളക്കെട്ടിലായി. ഡാമുകൾ കൂടുതൽ തുറന്നു വിട്ടു. ചിമ്മിനി ഡാമിലെ ജലനിരപ്പ് 75.69 ആയി ഉയര്‍ന്നു. നാല് ഷട്ടറുകളും 10 സെൻറീമീറ്റര്‍ വീതമാക്കി ഉയര്‍ത്തി. പീച്ചി ഡാമിെൻറയും ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പെരിങ്ങൽക്കുത്ത് ജലസംഭരണിയിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന ജലത്തിൽ കഴിഞ്ഞ ഒരു മണിക്കൂറിൽ 1000 ഘനയടി പ്രതി സെക്കൻഡ് എന്ന നിരക്കിൽ വർധിപ്പിച്ചു. ചാലക്കുടി, മണലിപ്പുഴ, കരുവന്നൂർ, വടക്കാഞ്ചേരി പുഴയോരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
വെള്ളക്കെട്ടിലായി ക്ഷേത്രനഗരി
ഗുരുവായൂർ: ഞായറാഴ്ച ഉച്ചക്ക് പെയ്ത കനത്ത മഴയിൽ ഗുരുവായൂരും പരിസരവും വെള്ളക്കെട്ടിലായി. പല റോഡുകളിലും ഗതാഗതം നിലച്ചു. വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. മമ്മിയൂർ ക്ഷേത്രത്തിന് മുന്നിലെ റോഡ് തോടായ അവസ്ഥയായിരുന്നു. വലിയതോട് കരകവിഞ്ഞ് കൈരളി ജങ്ഷനും വെള്ളത്തിലായി. തൈക്കാട് തിരിവിലും വെള്ളം ഉയർന്നു. മാണിക്കത്ത്പടി സെൻററിൽ കടപുഴകിയ മരം വാർഡ് കൗൺസിലർ പി.വി. മധുവിെൻറ നേതൃത്വത്തിൽ നാട്ടുകാർ മുറിച്ചുമാറ്റി. പുത്തമ്പല്ലി നളന്ദ ജങ്ഷൻ, ഭഗത് സിങ് റോഡ്, ഇരിങ്ങപ്പുറം മൈത്രി ജങ്ഷൻ, ചൂൽപ്പുറം കമ്പനിപ്പടി റോഡ്, നാരായണംകുളങ്ങര ക്ഷേത്ര പരിസരം, ദേശാഭിമാനി റോഡ്, ഹരിദാസ് നഗർ, അങ്ങാടിത്താഴം എന്നിവിടങ്ങളിലെല്ലാം റോഡ് വെള്ളത്തിലായി. ചിറക്കൽ അമ്പലം റോഡിൽ വലിയ കുഴി രൂപംകൊണ്ടു.
സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി കലക്ടർ
തൃശൂർ: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കലക്ടർ ഹരിത വി. കുമാർ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മണലിപ്പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ വെള്ളം കയറിയ നടത്തറ, നെന്മണിക്കര, വല്ലച്ചിറ പഞ്ചായത്തുകളും ഭാരതപ്പുഴയുടെ തീരത്തുള്ള പാഞ്ഞാൾ, വള്ളത്തോൾ നഗർ പഞ്ചായത്തുകളുമാണ് കലക്ടർ സന്ദർശിച്ചത്. മണലിപ്പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പിൽ എത്തുന്നതിന് മുമ്പു തന്നെ പ്രദേശത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറാനും നിർദേശം നൽകിയിരുന്നു. വെള്ളം കയറിയ പ്രദേശങ്ങളിൽ നേരിട്ടെത്തിയ കലക്ടർ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
അതിജാഗ്രത പാലിക്കണം –ജില്ല കലക്ടർ
തൃശൂർ: ജില്ലയിൽ വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ പുഴയോരത്തുള്ളവരും മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും അതിജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയാറാകണമെന്നും ജില്ല കലക്ടർ ഹരിത വി. കുമാർ. പ്രാദേശികമായി നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. വെള്ളം കയറാനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് നേരത്തേതന്നെ മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴയില്‍ ജില്ലയിലെ അണക്കെട്ടുകളിലെയും പുഴകളിലെയും ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. പുഴകളിലെ ജലനിരപ്പ് പലയിടത്തും വാണിങ് ലെവലിന് അടുത്തെത്തി.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് റവന്യൂ, ഫയര്‍ ആൻഡ് റെസ്ക്യൂ, പൊലീസ്, കെ.എസ്.ഇ.ബി തുടങ്ങിയ വിഭാഗങ്ങൾ സജ്ജരാണ്. ഇവരുടെ നിർദേശങ്ങൾ പാലിക്കാനും പൊതുജനങ്ങൾ തയാറാകണമെന്നും ജില്ല കലക്ടർ അറിയിച്ചു.
ജില്ലയിൽ ജാഗ്രത നിർദേശം: ഒമ്പത് ക്യാമ്പുകൾ തുറന്നു
തൃശൂർ: ജില്ലയിൽ മഴ കുറയാത്ത സാഹചര്യത്തിൽ ജാഗ്രത തുടരാൻ നിർദേശം. പുഴയോരത്തുള്ളവരും മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും ജില്ല കലക്ടറുടെ നിർദേശ പ്രകാരം ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി. പൊതുജനങ്ങൾ ജാഗ്രത തുടരണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ജില്ല കലക്ടർ ഹരിത വി. കുമാർ അറിയിച്ചു. നിലവിൽ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. തൃശൂർ - 03, ചാലക്കുടി - 02, മുകുന്ദപുരം - 02, കൊടുങ്ങല്ലൂർ - 02 എന്നിങ്ങനെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. കൂടുതൽ ക്യാമ്പുകൾ ആവശ്യാനുസരണം തുറക്കാൻ എല്ലാ പഞ്ചായത്തുകളും സജ്ജമായിട്ടുണ്ട്. പുഴകളുടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അവിടെനിന്ന് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. മഴ തുടരുകയും പുഴകളിൽ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇപ്പോഴും ക്യാമ്പുകളിലേക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. പുഴകളിലെ ജലനിരപ്പ് പലയിടത്തും വാണിങ് ലെവലിന് അടുത്തെത്തി. ചാലക്കുടി പുഴയിലെ ജലനിരപ്പ് വെറ്റിലപ്പാറ ഗേജിങ് സ്റ്റേഷനിൽ വാണിങ് ലെവൽ മറികടന്നതോടെ അതിരപ്പിള്ളി, പരിയാരം, മേലൂർ പ്രദേശങ്ങളിൽ ജാഗ്രത നിർദേശം നൽകി. കുറുമാലി പുഴയിലെ ജലനിരപ്പ് വാണിങ് ലെവലിൽ എത്തിയതോടെ പുഴയുടെ തീരത്തുള്ള പഞ്ചായത്തുകൾക്ക് ജാഗ്രതാ നിർദേശം നൽകി. പുതുക്കാട്, നെന്മണിക്കര, പറപ്പൂക്കര, മുരിയാട് മേഖലകളിലാണ് നിർദേശം നൽകിയത്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് റവന്യൂ, ഫയര്‍ ആൻഡ് റെസ്ക്യൂ, പൊലീസ്, കെ.എസ്.ഇ.ബി തുടങ്ങിയ വിഭാഗങ്ങൾ സജ്ജരാണ്.
10,000 ഏക്കർ നെൽകൃഷി നശിച്ചു
തൃശൂർ: കനത്ത കാലവർഷത്തിൽ തൃശൂർ കോൾ മേഖലയിൽ 10,000 ഏക്കറോളം കൃഷി നാശം. നിലവിലുള്ള ഞാറ്റാടികൾ, ഞാറ്റാടി തയാറാക്കാൻ മുളപ്പിച്ച വിത്ത്, വിതച്ച കൃഷി എന്നീ വിവിധ ഘട്ടങ്ങളിലാണ് നാശനഷ്ടം.
പകരം വിത്ത് കിട്ടാനില്ല. ജലവിഭവ വകുപ്പിെൻറ കുറ്റകരമായ അനാസ്ഥയാണ് നാശനഷ്ടങ്ങൾക്ക് പ്രധാന കാരണമെന്ന് ജില്ല കോൾ കർഷക സംഘം ആരോപിച്ചു. കോൾ മേഖലയിൽ കൃഷി ഇറക്കുന്നതിനു പ്രാരംഭമായി ആഗസ്റ്റ് 15ന് കരുവന്നൂർ പുഴയിൽനിന്ന് കോൾ മേഖലയിലേക്ക് വെള്ളം കടക്കുന്ന ഹെർബർട്ട് കനാൽ, ചിറക്കൽ തോട്, പുത്തൻതോട് എന്നിവ പൂർണമായി അടച്ചുകെട്ടണം. അത് ഇതു വരെ ചെയ്തിട്ടില്ല. കോൾ മേഖലയുമായി ബന്ധപ്പെട്ട ഉപദേശക സമിതി കൂടുന്നില്ല. കോൾ മേഖലയിൽ കൃഷി ചെയ്യുന്നതിന് നാഥനില്ലാത്ത കാലമാണെന്ന് കോൾ കർഷക സംഘം പ്രസിഡൻറ് കെ.കെ. കൊച്ചു മുഹമ്മദ് ആരോപിച്ചു. അടിയന്തരമായി പകരം വിത്ത് നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കോൾ കർഷക സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു.
രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജമായി പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളും
തൃശൂർ: ജില്ലയിൽ രക്ഷാപ്രവർത്തനങ്ങൾക്കായി പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളുടെ ടീം സജ്ജമായി. 10 പേരടങ്ങുന്ന ടീമാണ് ഫിഷറീസ് വകുപ്പിെൻറ ആഭിമുഖ്യത്തിൽ കടൽ സുരക്ഷ, രക്ഷാപ്രവർത്തനം, ഫസ്റ്റ് എയ്ഡ് എന്നിവയിൽ ഗോവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽനിന്ന് പരിശീലനം നേടിയത്.നിലവിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ടീം തയാറായിട്ടുണ്ട്. കൂടാതെ മത്സ്യ ഫെഡ് വള്ളങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾക്കിടയിൽ സ്ക്രീൻ ടെസ്റ്റ് നടത്തിയ ശേഷമാണ് 10 പേരടങ്ങുന്ന ടീമിനെ തിരഞ്ഞെടുത്ത് പരിശീലനത്തിന് അയച്ചത്. ഫിഷറീസ് വകുപ്പിെൻറ സ്റ്റൈപൻഡോടു കൂടി 15 ദിവസത്തെ പരിശീലനമാണ് ഇവർ പൂർത്തിയാക്കിയത്. അപകടത്തിൽപ്പെടുന്നവരെ തിരയുന്നതിനും രക്ഷിക്കുന്നതിനുമുള്ള ലൈഫ് സേവിങ്, പവർ ബോട്ട്, സീ റെസ്ക്യൂ തുടങ്ങി മൂന്ന് വിഭാഗങ്ങളിലും പരിശീലനം ലഭിച്ചു.
അഴീക്കോട് കോസ്റ്റൽ പൊലീസ്, ഫിഷറീസ് ഡിപ്പാർട്മെൻറ്, എറിയാട് ഗ്രാമപഞ്ചായത്ത്, കടലോര ജാഗ്രത സമിതി, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരടങ്ങുന്ന രക്ഷാ ടീമിെൻറ യോഗം നടന്നു. കോസ്റ്റൽ സി.ഐ ബിനു, ഫിഷറീസ് ഓഫിസർ പി.എം. അൻസിൽ, എറിയാട് വൈസ് പ്രസിഡൻറ് പ്രസീന റാഫി എന്നിവർ നേതൃത്വം നൽകി.
2019 മുതൽ സീ റെസ്ക്യൂ സ്ക്വാഡിൽ 56 പേർക്കാണ് ഫിഷറീസ് വകുപ്പ് പരിശീലനം നൽകിയത്. മുഴുവൻ പരിശീലനം പൂർത്തിയാക്കിയ ടീമാണ് നിലവിൽ സജ്ജമായത്. മറ്റു ജില്ലകളിലേക്ക് സേവനം ആവശ്യമെങ്കിൽ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരം പോകാൻ സന്നദ്ധരാണെന്ന് ഇവർ അറിയിച്ചു.
ദുരന്തനിവാരണ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു
തൃശൂർ: ജില്ല മെഡിക്കൽ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദുരന്തനിവാരണ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 9400066921, 9400066922, 9400066925 മൊബൈൽ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

