കനത്ത മഴ: അന്തിക്കാട് കല്ലിടവഴിയിലെ കുടുംബങ്ങൾ വെള്ളത്തിൽ
text_fieldsഅന്തിക്കാട് കല്ലിട വഴിയിൽ വെള്ളത്തിലായ വീട്
അന്തിക്കാട്: കനത്ത മഴയിൽ അന്തിക്കാട് കല്ലിടവഴിയിലെ ആറാം വാർഡ് കോളനി പ്രദേശത്തെ നിരവധി കുടുംബങ്ങൾ വെള്ളക്കെട്ട് കാരണം ദുരിതത്തിൽ. തച്ചാട്ട് കൊച്ചുണ്ണിയുടെ ഭാര്യ വള്ളിയമ്മ, തിരുത്തിയിൽ സുനിൽ കുമാർ, വലയിൽ കമല, പിച്ചേടത്ത് ചന്ദ്രൻ തുടങ്ങി നിരവധി പേരുടെ വീടുകളിലാണ് ഭാഗികമായി വെള്ളം കയറിയത്. കനത്ത മഴയിൽ അന്തിക്കാട് കോൾ പാടശേഖരത്തിൽ വെള്ളം നിറഞ്ഞതോടെ പ്രദേശം ഒറ്റപ്പെട്ടു.
വലപ്പാട് ദേശീയ പാതയിലെ വെള്ളക്കെട്ട്
അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻറ് ജ്യോതി രാമൻ, വൈസ് പ്രസിഡന്റ് പി.എസ്. സുജിത്ത്, വാർഡ് അംഗം ലീന മനോജ് എന്നിവർ പ്രദേശങ്ങൾ സന്ദർശിച്ച് ആവശ്യമായ നടപടികൾക്ക് നിർദേശം നൽകി. കക്കൂസ് മാലിന്യമുൾപ്പെടെയുള്ളവ ഒഴുകിയെത്തി കെട്ടിനിൽക്കുന്ന വെള്ളത്തിൽ കലർന്നതിനാൽ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന ഭീതി വ്യാപകമാണ്.
വലപ്പാട് ദേശീയ പാതയിൽ വെള്ളക്കെട്ട്
തൃപ്രയാർ: മഴയിൽ വലപ്പാട് കുരിശു പള്ളി വളവ് ദേശീയ പാതയിൽ വെള്ളക്കെട്ട് രൂക്ഷമായി. ശരിയായി കാന നിർമിച്ച് വെള്ളം ഒഴുക്കി കളയാൻ അധികൃതർ തയാറാകാത്തതാണ് പ്രശ്നം. നിരവധി അപകടങ്ങൾ നടന്ന സ്ഥലം കൂടിയാണിത്. ഈ സ്ഥലത്തിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിന് മുന്നിലെ കാന മണ്ണിട്ട് നികത്തിയ നിലയിലാണ്.