ചെന്ത്രാപ്പിന്നിയിൽ ഭക്ഷണശാലകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന
text_fieldsചെന്ത്രാപ്പിന്നി: സേഫ് കേരള കാമ്പയിന്റെ ഭാഗമായി എടത്തിരുത്തി ഗ്രാമ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ചാമക്കാല, നമ്പ്രാട്ടിച്ചിറ, സി.വി സെന്റർ, അലുവ തെരുവ്, ചെന്ത്രാപ്പിന്നി എന്നിവിടങ്ങളിലെ ഭക്ഷണശാലകൾ, കാറ്ററിങ് യൂനിറ്റുകൾ, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ലൈസൻസ്, വെള്ളം പരിശോധന റിപ്പോർട്ട്, ഹെൽത്ത് കാർഡ് എന്നിവയില്ലാത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇവ പരിഹരിക്കുന്നതിന് നിയമാനുസൃതമായ സമയവും അനുവദിച്ചുനൽകി.
പഞ്ചായത്തിനുകീഴിലെ എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും ലൈസൻസ്, ഹരിത കർമസേന കാർഡ്, വെള്ളം പരിശോധന റിപ്പോർട്ട്, ഹെൽത്ത് കാർഡ് എന്നിവ നിർബന്ധമാണെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സി.എസ്. അനീഷ് അറിയിച്ചു. ഇവയില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടികളെടുക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.എസ്. അനീഷ്, എം.ബി. ബിനോയ്, ആർ. കൃഷ്ണകുമാർ, വി.എം. ലിനി, പഞ്ചായത്ത് ക്ലർക്ക് സജീഷ് എന്നിവർ നേതൃത്വം നൽകി.

