ബൈക്ക് ചോദിച്ചിട്ട് നൽകിയില്ല: യുവാവിനെ മർദിച്ചയാൾ അറസ്റ്റിൽ
text_fieldsവൈശാഖ്
തൃശൂർ: ബൈക്ക് ചോദിച്ചിട്ട് നൽകാത്തതിന് ഹീമോഫീലിയ രോഗിയായ യുവാവിനെ മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. അഞ്ചേരി സ്വദേശി മിഥുനാണ് മർദനമേറ്റത്. സംഭവത്തിൽ അഞ്ചേരി സ്വദേശി വൈശാഖിനെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീ കേരളവർമ കോളജിനടുത്തുള്ള മൊബൈൽ ഫോൺ സ്ഥാപനത്തിലാണ് സംഭവം.
വൈശാഖ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മിഥുനെ മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നവംബർ 25നാണ് സംഭവം. നവംബർ 28ന് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നാണ് പൊലീസ് കേസെടുത്തത്.
മിഥുൻ ജോലി ചെയ്യുന്ന മൊബൈൽ ഷോപ്പിലെത്തി തന്റെ പുതിയ ബൈക്ക് ചോദിച്ചിരുന്നുവത്രെ. നൽകില്ലെന്ന് മറുപടി നല്‍കി. തുടർന്ന് കടയില്‍നിന്ന് പുറത്തിറങ്ങിയ മിഥുനെ മര്‍ദിച്ചു. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും കടയിലെത്തി വൈശാഖ് ആക്രമിച്ചെന്നും യുവാവ് പറഞ്ഞു.
നാട്ടുകാരനാണെന്ന പരിചയം മാത്രമാണ് തനിക്ക് വൈശാഖിനോടുള്ളതെന്ന് മര്‍ദനമേറ്റ മിഥുൻ പറഞ്ഞു. തനിക്ക് രോഗമുണ്ടെന്ന് വൈശാഖിന് അറിയാം. മര്‍ദിക്കുന്നതിനിടെ ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞതായും യുവാവ് അറിയിച്ചു. അമിത രക്തസ്രാവമുണ്ടാകുന്ന രോഗമാണ് ഹീമോഫീലിയ. ഒന്നരമാസം മുമ്പാണ് മിഥുൻ ബൈക്ക് വാങ്ങിയത്. പ്രതി റിമാൻഡിലാണ്.

