ഒന്നാം ക്ലാസ് വിദ്യാർഥിനിക്ക് പീഡനം: അധ്യാപകന് 10 വർഷം കഠിന തടവ്
text_fieldsതൃശൂർ: ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ആറുവയസ്സുകാരിയെ പീഡിപ്പിച്ച സ്കൂൾ അധ്യാപകന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചൊവ്വന്നൂര്‍ കരിപ്പറമ്പില്‍ വീട്ടില്‍ സുധാസിനെയാണ് തൃശൂര്‍ ഒന്നാം അഡീഷനല്‍ ജില്ല ജഡ്ജി പി.എന്‍. വിനോദ് ശിക്ഷിച്ചത്. 2011സെപ്റ്റംബർ 16നാണ് കേസിനാസ്പദമായ സംഭവം.
കുട്ടി സ്കൂള്‍ വിട്ട് വീട്ടില്‍ വന്നശേഷം ദേഹവേദനയും ശാരീരിക ബുദ്ധിമുട്ടും അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പരിശോധനക്ക് വിധേയയാക്കി. പരിശോധനയിൽ ലൈംഗിക പീഡനം നടന്നതായി കണ്ടെത്തുകയായിരുന്നു. ക്ലാസിലെ മറ്റ് കുട്ടികളെ കളിക്കാൻ പറഞ്ഞയച്ച് അധ്യാപകന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എരുമപ്പെട്ടി പൊലീസാണ് കേസെടുത്തത്. സമൂഹത്തില്‍ അധ്യാപകന് പാലിക്കേണ്ട മര്യാദകൾ പ്രതി പാലിച്ചില്ലെന്നും അതിക്രൂരവും പൈശാചികവും നീതീകരിക്കാന്‍ പറ്റാത്തതുമായ കുറ്റകൃത്യമാണ് ചെയ്തതെന്നും കോടതി വിലയിരുത്തി. പിഴ ഒടുക്കുന്നപക്ഷം തുക കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും ഉത്തരവിലുണ്ട്.
പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ബി. സുനില്‍കുമാര്‍, സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലിജി മധു എന്നിവര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

