മുടി ദാനം ചെയ്ത് കൊച്ചുമിടുക്കികൾ; അർബുദ രോഗികൾക്ക് ആമിന, അമീറ സഹോദരിമാരുടെ സ്നേഹക്കൂട്ട്
text_fieldsവടക്കാഞ്ചേരി: മറ്റുള്ളവരുടെ വേദനകളിൽ കണ്ണടക്കാതെ, തങ്ങളാൽ ആവുന്ന ചെറിയ നന്മകളിലൂടെ സമൂഹത്തിന് മുഴുവൻ മാതൃകയാവുകയാണ് വടക്കാഞ്ചേരിയിലെ രണ്ട് കുരുന്നുകൾ. എങ്കക്കാട് മങ്കര കാവശ്ശേരി വീട്ടിൽ അബ്ദുൽ ജലീൽ - ഷഹന ഷെറിൻ ദമ്പതികളുടെ മക്കളായ ആമിന ആസീനും (8) അമീറ ആസീനും (5) ആണ് നാടിന്റെ പ്രശംസ പിടിച്ചുപറ്റുന്നത്.
കാൻസർ രോഗികൾ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിക്ക് വിധേയരാകുമ്പോൾ മുടി നഷ്ടപ്പെടാറുണ്ട്. ഈ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്ന രോഗികൾക്ക് ആശ്വാസമേകാൻ സ്വന്തം മുടി ദാനം ചെയ്യുകയാണ് ഈ കൊച്ചുമിടുക്കികൾ ചെയ്തത്. വടക്കാഞ്ചേരി ക്ലേലിയ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ആമിനയും യു.കെ.ജി വിദ്യാർഥിനി അമീറയും തങ്ങളുടെ സ്നേഹസമ്മാനമായി മുറിച്ച് മാറ്റിയ മുടി തൃശൂർ അമല ആശുപത്രിയിലെ ഹെയർ ബാങ്കിലേക്കാണ് കൈമാറുന്നത്.
ഇരുളിന്റെ നിഴലിൽ കഴിയുന്ന അർബുദ രോഗികളുടെ ജീവിതത്തിലേക്ക് സ്നേഹത്തിന്റെ തണലുമായി എത്തിയ മാലാഖക്കുട്ടികളെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തയച്ചു. കാലം കാത്തുവെച്ച വലിയൊരു സന്ദേശമാണ് ഈ കുരുന്നുകൾ സമൂഹത്തിന് സമ്മാനിക്കുന്നതെന്ന് അദ്ദേഹം അഭിനന്ദനക്കത്തിൽ കുറിച്ചു. ആ വഴിക്ക് വരുമ്പോൾ ഈ മിടുക്കികളെ നേരിൽ കാണാൻ വരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

