എച്ച്.ടു ഡ്രൈവിന് ഇരട്ടി മധുരം
text_fieldsഅഡീഷനൽ ഗതാഗത കമീഷണർ പി.എസ്. പ്രമോജ്
ശങ്കർ വാഹനത്തെക്കുറിച്ച വിശദാംശങ്ങൾ
ചോദിച്ചറിയുന്നു
ചെന്ത്രാപ്പിന്നി: ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികൾ വികസിപ്പിച്ച ഹൈഡ്രജൻ വണ്ടിക്ക് സംസ്ഥാന തലത്തിൽ ഇരട്ട അംഗീകാരം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചതിന് പുറമെ ഗതാഗത വകുപ്പ് പ്രോജക്ട് വികസിപ്പിക്കുന്നതിനുള്ള പൂർണ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു.
സ്കൂളിലെ അൺ എയ്ഡഡ് വിഭാഗം പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളായ പി.ബി. നിഹാൽ കൃഷ്ണ, പി.എസ്. ആദിത്യൻ എന്നിവർ സ്വന്തമായി നിർമിച്ച നാലുചക്രവാഹനത്തിനാണ് ഗതാഗത വകുപ്പ് പച്ചക്കൊടി കാണിച്ചത്. വിദ്യാർഥികൾ നിർമിച്ച വാഹനം ഇരിങ്ങാലക്കുടയിൽ നടന്ന ജില്ല ശാസ്ത്രമേളയിൽ ശ്രദ്ധ നേടിയിരുന്നു.
വാഹനത്തെക്കുറിച്ചറിഞ്ഞ ഗതാഗത വകുപ്പ് അധികൃതർ വിദ്യാർഥികളെ ഫോണിൽ ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് ക്ഷണിക്കുകയായിരുന്നു. സംസ്ഥാന ശാസ്ത്രമേളയിൽ പ്രദർശനം നടക്കുന്നതിനിടെ ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചു.
അഡീഷനൽ ഗതാഗത കമീഷണർ പി.എസ്. പ്രമോജ് ശങ്കർ ഇരുവരെയും തിരുവനന്തപുരത്തെ ഓഫിസിൽ വിളിച്ചു വരുത്തി വാഹനത്തിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. കമീഷണർ വാഹനം ഓടിച്ചുനോക്കുകയും ചെയ്തു. വാഹന നിർമാണ രീതി പ്രോജക്ടായി ഗതാഗത വകുപ്പിന് സമർപ്പിക്കാൻ വിദ്യാർഥികൾക്ക് നിർദേശം നൽകി.
500 രൂപക്ക് ഹൈഡ്രജൻ നിറച്ചാൽ 1,200 കിലോമീറ്റർ യാത്രചെയ്യാൻ കഴിയുന്ന രീതിയിലാണ് വിദ്യാർഥികൾ നാലുചക്ര വാഹനം വികസിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

