ഗുരുവായൂർ ദർശനം; വരിനിൽക്കാൻ പുതിയ പന്തൽ
text_fieldsഗുരുവായൂർ: ക്ഷേത്രത്തിൽ ദർശനത്തിനായി വരിനിൽക്കുന്ന ഭക്തർക്കായി താൽക്കാലിക പന്തൽ ഒരുങ്ങുന്നു. തെക്കേ നടയിൽ പട്ടർ കുളത്തിന് തെക്കും വടക്കും ഭാഗങ്ങളിലായാണ് വരി നിൽക്കുന്നതിനുള്ള പന്തൽ ഒരുക്കുന്നത്. ദർശനത്തിനായി വരിയിൽ കാത്തുനിൽക്കുന്ന ഭക്തർക്ക് ഇരിക്കുന്നതിനുള്ള സൗകര്യവും പന്തലിൽ ഉണ്ടാകും.
വിഷുവിന് പുതിയ പന്തൽ ഭക്തർക്ക് തുറന്നുകൊടുക്കാനാണ് ആലോചിക്കുന്നത്. നിലവിൽ ക്ഷേത്ര തിരുമുറ്റത്തെ പന്തലിൽ ഭക്തർ നിറഞ്ഞു കഴിഞ്ഞ് കിഴക്കേ നട പന്തലും കവിഞ്ഞ് ദർശനത്തിനുള്ള വരി തെക്കേ നട പന്തലിലേക്ക് നീളാറുണ്ട്. തെക്കേ നട പന്തലിലും ഭക്തർ നിറഞ്ഞുകഴിഞ്ഞാൽ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലാണ് ഭക്തർ ദർശനത്തിനായി കാത്തു നിൽക്കുന്നത്.
വിഷു ദിവസം മുതൽ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയം കലാപരിപാടികൾക്കായി ഭക്തർക്ക് തുറന്നു കൊടുക്കാൻ ദേവസ്വം തീരുമാനിച്ചിട്ടുണ്ട്.
കലാപരിപാടികൾ നടക്കുന്ന സമയത്ത് ഇവിടെ ഭക്തർക്ക് ദർശനത്തിനായി വരിയിൽ കാത്തുനിൽപ് തടസ്സമാകും എന്നതിനാലാണ് വരി നിൽക്കുന്നതിനായി പുതിയ പന്തൽ ഒരുക്കുന്നത്.