ഗുരുവായൂര്‍: ചാവക്കാട്-കുന്നംകുളം റോഡില്‍ വാഹനങ്ങള്‍ താഴുന്നത് തുടരുന്നു. ചൂല്പ്പുറത്തും എല്‍.എഫ് കോളജിന് സമീപവുമാണ് ബുധനാഴ്ച ഭാരം കയറ്റി വന്ന ലോറികള്‍ താഴ്ന്നത്. ഏറെ പ്രധാനപ്പെട്ട ചാവക്കാട്-കുന്നംകുളം റോഡിലാണ് ഈ ദുരിതാവസ്ഥ. അമൃത് പദ്ധതിയുടെ പൈപ്പിടാന്‍ പൊളിച്ച മുതുവട്ടൂര്‍ മുതല്‍ കോട്ടപ്പടി വരെയുള്ള ഭാഗമാണ് അപകടാവസ്ഥയിലുള്ളത്. പറഞ്ഞ സമയത്ത് പൈപ്പിട്ട് തീര്‍ക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് കഴിഞ്ഞില്ല.
ഒരുമാസത്തോളം വൈകിയാണ് പണിതീര്‍ത്ത് റോഡ് പി.ഡബ്ല്യു.ഡിക്ക് കൈമാറിയത്. അവര്‍ പണി തുടങ്ങിയപ്പോഴേക്കും മഴയെത്തുകയും ചെയ്തു. റോഡില്‍ ആവശ്യമായ മുന്നറിയിപ്പ് ബോര്ഡുകളില്ലെന്ന് കുഴിയിലകപ്പെട്ട ലോറികളുടെ ഡ്രൈവര്‍മാര്‍ പറഞ്ഞു. മറ്റ് സ്ഥലങ്ങളില്‍ റോഡിന്റെ വശങ്ങൾ പൊളിച്ച് പൈപ്പിടുമ്പോള്‍, ഈ റോഡില്‍ മധ്യഭാഗം പൊളിച്ചാണ് മൂന്ന് വലിയ പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്.
ക്രെയിന്‍ സർവിസ് തുടങ്ങണമെന്ന് യൂത്ത് കോണ്‍ഗ്രസ്
ഗുരുവായൂര്‍: റോഡുകള്‍ ചതിക്കുഴിയായി തുടരുന്ന സാഹചര്യത്തില്‍ പി.ഡബ്ല്യു.ഡിയും ഗുരുവായൂര്‍ നഗരസഭയും ചേര്‍ന്ന് വാഹനങ്ങള്‍ ഉയര്‍ത്തിക്കൊടുക്കാൻ ക്രെയിന്‍ സർവിസ് ആരംഭിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി. ഒരു ദിവസംതന്നെ പലയിടത്തായി വാഹനങ്ങള്‍ താഴുന്നുണ്ട്.
വികസനപ്രവര്‍ത്തനങ്ങളെ യൂത്ത് കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. എന്നാല്‍, റോഡുകളിലെ പ്രവൃത്തികളെല്ലാം ഒരേസമയത്ത് നടക്കാനിടവന്നത് ചിലരുടെ രാഷ്ട്രീയതാൽപര്യങ്ങൾ കൊണ്ടാണ്. ജനത്തെ ദുരിതത്തിലാക്കി നാട് മുഴുവന്‍ റോഡ് പൊളിച്ചിടുന്ന സാഹചര്യം സൃഷ്ടിച്ചതിന് സി.പി.എം മാപ്പുപറയണമെന്നും ഇവർ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് നിഖില്‍ ജി. കൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ സി.എസ്. സൂരജ്, വി.കെ. സുജിത്ത്, മണ്ഡലം പ്രസിഡന്റുമാരായ രഞ്ജിത്ത് പാലിയത്ത്, എന്‍.എച്ച്. ഷാനിര്‍ എന്നിവര്‍ സംസാരിച്ചു.