രണ്ടു വീടുകളിൽ വാതില്‍ പൊളിച്ച് കയറി; കള്ളന് കിട്ടിയത് ഓംലറ്റ് മാത്രം...
text_fieldsഗുരുവായൂരിലെ വീട്ടിൽ കയറിയ കള്ളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ച ചീനചട്ടിയും മുറിച്ചുവെച്ച പപ്പായയും
ഗുരുവായൂര്‍: രണ്ട് വീടുകളില്‍ വാതില്‍ പൊളിച്ച് കയറിയ കള്ളന് ആകെ കിട്ടിയത് ഓംലറ്റ് മാത്രം. ഗുരുവായൂര്‍ നഗരസഭയിലെ ചൂല്‍പ്പുറം എം.ജെ. റോഡിലാണ് കള്ളന് ഓംലറ്റ് കഴിച്ച് തൃപ്തിപ്പെടേണ്ടി വന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. കള്ളന്‍ കയറിയ രണ്ട് വീടുകളും പൂട്ടിക്കിടക്കുകയായിരുന്നു. ഗള്‍ഫിലുള്ള മാറോക്കി മിനി ടോമിയുടെ വീട്ടിലാണ് കള്ളന്‍ ആദ്യം കയറിയത്. മിനിയുടെ അമ്മയും സഹോദരിയും കോട്ടപ്പടി പെരുന്നാളുമായി ബന്ധപ്പെട്ട് മിനിയുടെ മകളുടെ വീട്ടിലേക്ക് പോയതിനാല്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
ഫ്യൂസ് ഊരി വലിച്ചെഞ്ഞ ശേഷം അടുക്കള വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന കള്ളന്‍ അലമാരകളെല്ലാം തുറന്ന് വാരിവലിച്ചിട്ടു. കാര്യമായൊന്നും കൈയില്‍ തടയാതെ വന്നപ്പോള്‍ അടുക്കളയിലുണ്ടായിരുന്ന മൂന്ന് മുട്ടയെടുത്ത് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു. ഒരു പ്ലേറ്റില്‍ പപ്പായയും മുറിച്ച് വെച്ചിരുന്നു. അവിടെ നിന്നിറങ്ങിയ കള്ളന്‍ ഏകദേശം 300 മീറ്റര്‍ അകലെ വലിയപുരക്കല്‍ വിബിനന്റെ വീട്ടിലാണ് കയറിയത്. ഗള്‍ഫിലുള്ള വിബിനന്റെ ഭാര്യ സജിത വ്യാഴാഴ്ച പുന്നയിലുള്ള സ്വന്തം വീട്ടിലേക്ക് പോയതിനാല്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് കള്ളന്‍ അകത്തേക്ക് കയറിയത്.
എന്നാല്‍, വീട്ടില്‍ കള്ളന്‍ കയറിയ വിവരം സി.സി.ടി.വിയുമായി ബന്ധിപ്പിച്ച സംവിധാനത്തിലൂടെ മൊബൈല്‍ ഫോണില്‍ അറിഞ്ഞ വിബിനന്‍ ഭാര്യയെ വിളിച്ച് വിവരമറിയിച്ചു. ഏകദേശം 12.30ഓടെയായിരുന്നു ഇത്. ഉടന്‍ ഗുരുവായൂര്‍ പൊലീസിലും വിവരം നല്‍കി. സഹോദരനെയും സഹോദരന്റെ മകനെയും കൂട്ടി സജിത വേഗം വീട്ടിലെത്തിയപ്പോഴേക്കും പൊലീസും സ്ഥലത്തെത്തിയിരുന്നു. വീടിന്റെ വാതില്‍ പൊളിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരയും വെട്ടുകത്തിയുമെല്ലാം ഉമ്മറത്ത് കിടന്നിരുന്നു. അകത്ത് കയറി പരിശോധിച്ചപ്പോള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസ്സിലായി. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുഖം മൂടിയും കൈയില്‍ ഗ്ലൗസും ധരിച്ചയാളുടെ ദൃശ്യമാണ് ലഭിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

