പൊലീസുകാരെൻറ മുഖത്ത് കുരുമുളക് പൊടി സ്പ്രേ ചെയ്ത് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ
text_fieldsഗുരുവായൂര്‍: പൊലീസുകാരെൻറ മുഖത്തേക്ക് കുരുമുളക് പൊടി സ്പ്രേ ചെയ്ത് ഓടിരക്ഷപ്പെട്ട പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. പാലയൂർ കറുപ്പംവീട്ടിൽ ഫവാദിനെയാണ് (33) ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 11നാണ് സംഭവം. കവർച്ച ഉൾപ്പെടെയുള്ള കേസുകളിൽ പിടികിട്ടാപുള്ളിയായ പ്രതിയെ പിടികൂടാൻ പൊലീസ് എത്തിയപ്പോഴാണ് ആക്രമണം. പിറകിലെ വാതിലിലൂടെ ഇറങ്ങിയോടാൻ ശ്രമിച്ച ഫവാദിനെ സി.പി.ഒ രതീഷ് തടയാൻ ശ്രമിച്ചപ്പോഴാണ് കുരുമുളക് പൊടി സ്പ്രേ ചെയ്തത്. ഒല്ലൂരിൽ പ്രതിയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് എത്തി അറസ്റ്റ് ചെയ്തത്.
ഒരു വർഷം മുമ്പ് പാലയൂരിൽ യാത്രക്കാരെൻറ മുഖത്ത് കുരുമുളക് സ്പ്രേ പ്രയോഗിച്ച് സ്കൂട്ടർ തട്ടിയെടുത്തതുൾപ്പെടെ ഗുരുവായൂർ, വാടാനപ്പള്ളി, ചാവക്കാട്, കോഴിക്കോട്, വടക്കാഞ്ചേരി, കുന്നംകുളം തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.

