റെയിൽവേ മേൽപ്പാലം; സമയക്രമം പാലിക്കാതെ കരാറുകാർ
text_fieldsഗുരുവായൂര്‍: റെയിൽവേ മേൽപ്പാല നിർമാണത്തിൽ സമയക്രമം പാലിക്കുന്നതിൽ കരാറുകാർക്ക് വീഴ്ച സംഭവിച്ചതായി എൻ.കെ. അക്ബർ എം.എൽ.എ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ വിമർശനം. കരാർ കമ്പനിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി ആർ.ബി.ഡി.സി.കെ (റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ ഓഫ് കേരള) എം.ഡിക്ക് കത്ത് നൽകും.
കഴിഞ്ഞ മാസം 12ന് ആരംഭിക്കുമെന്ന് പറഞ്ഞിരുന്ന പാളത്തിന് സമീപമുള്ള തൂണുകളുടെ പൈലിങ് ഈ മാസമാണ് ആരംഭിച്ചത്. നിർമാണ സാമഗ്രികൾ ലഭിച്ചില്ലെന്നാണ് കരാറുകാരായ എസ്.പി.എൽ ഇൻഫ്രാസ്ട്രക്ചർ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം.
എത്രയും വേഗം പൈലിങ് പൂർത്തിയാക്കാൻ എം.എൽ.എ നിർദേശിച്ചു. ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള ഗർഡറുകൾക്ക് മുകളിലുള്ള സ്ലാബുകളുടെ നിർമാണ പ്രവർത്തനങ്ങൾ നവംബർ 10 നകം പൂർത്തീകരിക്കും. നേരത്തെ ജൂലൈ മാസം പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്ന പ്രവൃത്തിയാണിത്. ശബരിമല സീസൺ ആരംഭിക്കുന്നതിന് മുമ്പ് സ്ലാബ് നിർമാണം പൂർത്തീകരിച്ച് സർവിസ് റോഡുകൾ തുറന്നു നൽകണമെന്ന് എം.എൽ.എ നിർദേശിച്ചു.
സർവിസ് റോഡിന്റെ ഒരു വശം ഒക്ടോബർ 20നകം പൂർത്തീകരിക്കുമെന്നും ഉദ്യോഗസ്ഥർ മറുപടി നൽകി. എന്നാൽ സർവിസ് റോഡ് സംബന്ധിച്ച് നേരത്തെ കരാറുകാർ യോഗങ്ങളിൽ നൽകിയ ഒരു ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല.
തിരുവെങ്കിടം അടിപ്പാതക്കായി ഭൂമി വിട്ടു കിട്ടുന്നതിന് ദേവസ്വത്തിന് കത്ത് നൽകും. സ്വകാര്യ വ്യക്തിയുടെ ഭൂമി നെഗോഷ്യബിൾ പർച്ചേഴ്സ് ആക്ട് പ്രകാരം വാങ്ങിക്കാനും തീരുമാനിച്ചു. നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ്, സെക്രട്ടറി ബീന എസ്. കുമാർ, എ.സി.പി കെ.ജി. സുരേഷ് എന്നിവർ സംസാരിച്ചു.