വൈകീട്ടുള്ള ട്രെയിനെങ്കിലും പുനരാരംഭിക്കണേ...
text_fieldsഗുരുവായൂർ: പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ബുധനാഴ്ച ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധനക്കെത്തും. രാവിലെ 9.30ന് എത്തുന്ന സംഘം യാത്രക്കാരുടെ സൗകര്യങ്ങൾ, സ്റ്റേഷന്റെയും ട്രെയിനുകളുടേയും ശുചിത്വം എന്നിവ പരിശോധിക്കും.
കോവിഡ് തുടങ്ങിയ 2020 ഫെബ്രുവരിയിൽ റദ്ദാക്കിയ വൈകീട്ട് അഞ്ചിനുള്ള തൃശൂർ പാസഞ്ചർ പുനരാരംഭിക്കണമെന്ന ആവശ്യമാണ് യാത്രക്കാർക്ക് പ്രധാനമായുള്ളത്. ഈ സർവിസ് ഒഴികെയുള്ളതെല്ലാം ആരംഭിച്ചിട്ടും ഇക്കാര്യത്തിൽ റെയിൽവേ കനിഞ്ഞിട്ടില്ല. എം.പി, എം.എൽ.എ, നഗരസഭ ചെയർമാൻ എന്നിവരെല്ലാം അധികൃതരോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ജോലിക്കാർ അടക്കമുള്ളവരുടെ ആശ്രയമായിരുന്നു ഈ സർവിസ്.
ഉച്ചക്ക് 1.30ന് എറണാകുളത്തേക്കുള്ള ട്രെയിൻ കഴിഞ്ഞാൽ രാത്രി 11.20നുള്ള എഗ്മൂർ എക്സ്പ്രസ് മാത്രമാണ് ഗുരുവായൂരിൽനിന്നുള്ളത്. മൂന്നാമത്തെ പ്ലാറ്റ്ഫോമിലെ പാളം വടക്കോട്ട് ബന്ധിപ്പിക്കൽ, സ്റ്റേഷൻ നവീകരണത്തിന്റെ വേഗം കൂട്ടൽ, വടക്കോട്ട് സർവിസുകൾ ആരംഭിക്കൽ തുടങ്ങിയ ആവശ്യങ്ങളും യാത്രക്കാർക്കുണ്ട്. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘം രാവിലെ 11ന് തൃശൂർ റെയിൽവേ സ്റ്റേഷനിലും പരിശോധനക്ക് എത്തുന്നുണ്ട്.