കണ്ണടച്ച് നിരീക്ഷണ കാമറകള്‍; ഗുരുവായൂരിനെ ആര് നോക്കും?
text_fieldsഗുരുവായൂര്‍: നഗരത്തില്‍ ഒരു കുറ്റകൃത്യമുണ്ടായാല്‍ പൊലീസ് ആദ്യം ഓടുന്നത് സ്വകാര്യ സ്ഥാപനങ്ങളിലെയും വീടുകളിലെയും സി.സി.ടി.വി കാമറകള്‍ പരിശോധിക്കാനാണ്. നിരീക്ഷണ കാമറകള്‍ വഴി പ്രതികള്‍ വലയിലായ സംഭവങ്ങളിലെല്ലാം പൊലീസിനെ തുണച്ചത് സ്വകാര്യ വ്യക്തികളുടെ സി.സി.ടി.വി കാമറകളാണ്. രാജ്യാന്തര പ്രാധാന്യമുള്ള ക്ഷേത്ര നഗരത്തിന്റെ അതീവ സുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് അധികൃതര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും നഗരത്തില്‍ പൊലീസ് സ്ഥാപിച്ച കാമറകളൊന്നും പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് സത്യം.
എം.എല്‍.എ ഫണ്ടില്‍നിന്ന് കേന്ദ്രത്തിന്റെ പ്രസാദ് പദ്ധതി വഴിയും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഇപ്പോള്‍ പൊലീസിനെ തുണക്കുന്നില്ല. കാമറകള്‍ സ്ഥാപിക്കാനല്ലാതെ പരിപാലിക്കാന്‍ സംവിധാനം ഇല്ലാത്തതാണ് പ്രധാന പ്രശ്‌നമെന്ന് പറയുന്നു. വാര്‍ഷിക അറ്റകുറ്റപ്പണിക്ക് (എ.എം.സി) കരാറില്ലാതെയാണ് കാമറകള്‍ സ്ഥാപിക്കുന്നത്. അതിനാല്‍തന്നെ ഇവ മിഴിയടച്ചാല്‍ തുറക്കാന്‍ ഫണ്ട് കണ്ടെത്താനാവുന്നില്ല.
ഇന്നര്‍ റിങ് റോഡും ഔട്ടര്‍ റിങ് റോഡുമൊക്കെ കാമറക്കണ്ണിലാണെന്ന് തട്ടിവിട്ടിരുന്നെങ്കിലും ഇവിടെയൊന്നും ഇപ്പോള്‍ കാമറക്കണ്ണുകളില്ലെന്നതാണ് യാഥാര്‍ഥ്യം. റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ കാമറ സ്ഥാപിച്ചിട്ടേയില്ല.
ഗുരൂവായൂര്‍ ക്ഷേത്ര നഗരത്തിന്റെ സുരക്ഷക്കായി കോടികള്‍ ചെലവിടുന്നതിനെ കുറിച്ച് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുമ്പോള്‍, ഏറ്റവും ചുരുങ്ങിയ പക്ഷം നിരീക്ഷണ കാമറകളെങ്കിലും സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പ്രവര്‍ത്തനരഹിതമായി കിടക്കുന്ന നിരീക്ഷണ കാമറക്ക് താഴെ നിന്നുപോലും ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിക്കപ്പെടുമ്പോള്‍ കാണാന്‍ മുകളിലാരുമില്ലെന്ന് കള്ളന്‍മാര്‍ക്കും ബോധ്യമായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

