മൗനം വാചാലമാകുന്ന ഭാഷയില്‍ മുത്തു ചോദിക്കുന്നു, സഹോദരിയുടെ മരുമകള്‍ക്ക് ഒരു വോട്ട്
text_fieldsമുത്തു സഹോദരിയുടെ മരുമകള്‍ക്കായി പ്രചാരണത്തിനിടെ
ഗുരുവായൂര്‍: 'തെൻറ സഹോദരിയുടെ മരുമകള്‍ക്ക് ഒരു വോട്ട്' മൗനം വാചാലമാകുന്ന ഭാഷയില്‍ അമ്പലത്ത് വീട്ടില്‍ മുത്തുവിന് നാട്ടുകാരോട് അഭ്യർഥിക്കാനുള്ളത് ഇതാണ്. ബധിരനും മൂകനുമാകയാല് തനിക്ക് പറയാനുള്ളതെല്ലാം ഒരു പ്ലക്കാര്‍ഡിലെഴുതി കൈയില്‍ വെച്ചാണ് മുത്തുവിെൻറ വോട്ടഭ്യർഥന.
'എെൻറ സഹോദരി ആമിനുവിെൻറ മകന് ഷെബീറിെൻറ ഭാര്യയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി റംഷിയ ഷെബീര്‍. കോണി ചിഹ്നത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കണം' എന്നാണ് പ്ലക്കാര്‍ഡിലുള്ളത്. അതിനപ്പുറമുള്ള രാഷ്ട്രീയമൊന്നും വോട്ടര്‍മാരോട് പറയാന്‍ മുത്തുവിനാവില്ല.
സ്ഥാനാര്‍ഥി റംഷിയയുടെ ഭര്‍ത്താവ് ഷെബീറിെൻറ ഉമ്മയുടെ ഒരു സഹോദരിയും രണ്ട് സഹോദരന്മാരും ബധിരരും മൂകരുമാണ്. ഷെബീറും അമ്മാവന് മുത്തുവുമെല്ലാം ഒരു വീട്ടില്‍ തന്നെയാണ് താമസം. സഹോദരിയുടെ മരുമകള്‍ സ്ഥാനാര്‍ഥിയായതോടെ തന്നാലാവും വിധം പ്രചാരണത്തില്‍ സജീവമായിരിക്കുകയാണ് മുത്തു.

