മരം മുറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച തൊഴിലാളിയുടെ മൃതദേഹവുമായി കെ.എസ്.ഇ.ബി ഓഫിസ് ഉപരോധം
text_fieldsമൃതദേഹമടങ്ങിയ ആംബുലന്‍സുമായി ചാവക്കാട് കെ.എസ്.ഇ.ബി ഓഫിസ് ഉപരോധിച്ചപ്പോള്‍
ഗുരുവായൂര്‍: കോട്ടപ്പടിയില്‍ മരം മുറിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി ചാവക്കാട് കെ.എസ്.ഇ.ബി ഓഫിസ് ഉപരോധിച്ചു. ഒരു മണിക്കൂറോളം നീണ്ട ഉപരോധം അധികൃതര്‍ നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്.
ചേമ്പാലകുളങ്ങര ക്ഷേത്രത്തിനടതുത്ത് കൊഴക്കി വീട്ടില്‍ നാരായണനാണ് (46) ബുധനാഴ്ച വൈകീട്ട് മരം മുറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകീട്ട് മൂന്നിനാണ് സംസ്കാരം നിശ്ചയിച്ചിരുന്നത്. അപകട മരണം സംഭവിച്ചിട്ടും കെ.എസ്.ഇ.ബി അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹമടങ്ങിയ ആംബുലന്‍സുമായി കെ.എസ്.ഇ.ബി ഓഫിസിലെത്തുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാനോ വിശദീകരണം നല്‍കാനോ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ആരും എത്തിയില്ലെന്ന് നാരായണന്റെ ബന്ധുക്കള്‍ പറഞ്ഞു. മാനുഷിക പരിഗണന ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടായില്ലെന്നും അവരുടെ കുറ്റകരമായ അനാസ്ഥയാണ് മരണത്തിനിടയാക്കിയതെന്നും അവര്‍ പറഞ്ഞു.
നേരത്തേ അറിയിച്ചിരുന്നിട്ടും മരം മുറിച്ച് പൂര്‍ത്തിയാകും മുമ്പ് ലൈന്‍ ഓണ്‍ ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും കുടുംബത്തിന് ധനസഹായം നല്‍കുന്നതിന് ഉന്നത അധികൃതര്‍ക്ക് കത്ത് നല്‍കാമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

