സൈനികരോടുള്ള ആദരവിന് നന്ദി പറഞ്ഞ് കാര്‍ഗില്‍ പോരാട്ട വീരന്
text_fieldsഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ക്യാപ്റ്റന്‍ യോഗേന്ദ്ര സിങ് യാദവ് ആനക്ക് പഴക്കുല നല്കുന്നു
ഗുരുവായൂര്‍: കാര്‍ഗില്‍ പോരാട്ട മികവിന് രാജ്യം പരമ വീരചക്രം നല്കി ആദരിച്ച ക്യാപ്റ്റന്‍ യോഗേന്ദ്ര സിങ് യാദവിന് ദേവസ്വം സ്വീകരണം നല്കി. വ്യാഴാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സ്വീകരണം. ദേവസ്വം ചെയര്മാന് അഡ്വ. കെ.ബി. മോഹന്‍ദാസ് പ്രസാദ കിറ്റ് നല്കി. ഭരണസമിതി അംഗം എ.വി. പ്രശാന്ത്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് എന്നിവരും സംബന്ധിച്ചു.
ആദ്യമായാണ് യോഗേന്ദ്ര സിങ് ഗുരുവായൂരില്‍ ദര്‍ശനം നടത്തുന്നത്. അതിരുദ്ര യജ്ഞം നടക്കുന്ന മമ്മിയൂര്‍ ശിവക്ഷേത്രത്തിലും ദര്‍ശനം നടത്തി. ആനത്താവളം സന്ദര്‍ശിച്ചു. കൊമ്പന് നന്ദന്, തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത നടയിരുത്തിയ കൃഷ്ണ എന്നീ ആനകള്ക്കൊപ്പംനിന്ന് ചിത്രവുമെടുത്തു. ശ്രീവത്സം അതിഥി മന്ദിരത്തിൽ ദേവസ്വം സുരക്ഷ ഡ്യൂട്ടിയിലുള്ള വിമുക്ത ഭടന്മാര് സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ വി. ഹരിദാസിന്റെ നേതൃത്വത്തില്‍ യോഗേന്ദ്ര സിങ് യാദവിന് സല്യൂട്ട് നല്കി. ദേവസ്വം ചെയര്മാന് പൊന്നാടയണിയിച്ചു.
''ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദേവസ്വം തനിക്ക് നല്കിയ ആതിഥേയത്വം. ഗുരുവായൂരപ്പന് നന്ദി പറയുന്നു. കേരള നാടിന്റെ സ്നേഹത്തിന്, ഭാരത സൈനികര്‍ക്ക് നല്കുന്ന ആദരവിന് നന്ദി'' എന്ന് സന്ദര്‍ശക ഡയറിയില്‍ രേഖപ്പെടുത്തിയാണ് യോഗേന്ദ്ര സിങ് യാദവ് മടങ്ങിയത്. 1999ലെ കാര്‍ഗില്‍ പോരാട്ടത്തില്‍ മൂന്ന് പാക് ബങ്കറുകള്‍ തകര്‍ത്ത് നാല് പാക് സൈനികരെ വധിച്ച് ടൈഗര്‍ ഹില്‍ തിരിച്ചുപിടിക്കാന്‍ നിര്‍ണായക സംഭാവന നല്‍കിയതിനാണ് ഇദ്ദേഹത്തിന് പരമ വീരചക്രം സമ്മാനിച്ചത്. ഈ ബഹുമതി നേടിയവരില്‍ ജീവിച്ചിരിക്കുന്ന മൂന്നുപേരില്‍ ഒരാളാണ് അദ്ദേഹം.