മുമ്പേ നടന്ന് എം.എല്‍.എയും ചെയര്‍മാനും; നവംബറില്‍ പാലം കടക്കാൻ നാട്
text_fieldsനിര്‍മാണം അന്തിമഘട്ടത്തിലെത്തിയ ഗുരുവായൂർ മേല്പാലത്തിലൂടെ നടക്കുന്ന
എന്‍.കെ. അക്ബര്‍ എം.എല്‍.എയും നഗരസഭ ചെയര്മാന് എം. കൃഷ്ണദാസും
ഗുരുവായൂര്‍: നിര്‍മാണം അന്തിമഘട്ടത്തിലെത്തിയ റെയില്‍വേ മേല്പാലത്തിലൂടെ എന്‍.കെ. അക്ബര്‍ എം.എല്‍.എയും നഗരസഭ ചെയര്മാന് എം. കൃഷ്ണദാസും നടന്നു. നിര്‍മാണ അവലോക യോഗത്തിന് ശേഷമാണ് എം.എല്‍.എയും ചെയര്‍മാനും പാലത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടന്നത്.
യോഗത്തില്‍ നല്കിയ ഉറപ്പുകള്‍ അനുസരിച്ച് പാലം നവംബര്‍ ഒന്നിന് തുറന്ന് നല്‍കും. പാലത്തിന്റെ അവശേഷിക്കുന്ന കോണ്‍ക്രീറ്റിങ് അടുത്ത മാസം ഏഴിന് പൂര്‍ത്തിയാകും. പാളത്തിന് മുകളില്‍ വരുന്ന ഭാഗത്തിന്റെ കോണ്‍ക്രീറ്റിങ് റെയിൽവേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാളത്തിന്റെ മുകളില്‍ വരുന്ന ഭാഗവും നേരത്തേ കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ള ഭാഗങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്പാനിന്റെ കോണ്‍ക്രീറ്റിങ്ങാണ് അവശേഷിക്കുന്നത്.
ഇതിനുള്ള കമ്പികെട്ടല് അവസാന ഘട്ടത്തിലാണ്. കോണ്‍ക്രീറ്റിങ്ങും ബി.എം.ബി.സി ടാറിങ്ങും നടക്കുന്നതിനിടെ തന്നെ സോളാര്‍ ലൈറ്റുകള്‍ ഘടിപ്പിക്കല്‍, കൈവരിയും നടപ്പാതയും പൂര്‍ത്തിയാക്കല്‍, പാലത്തിന്റെ അടിഭാഗത്ത് ടൈല്‍ വിരിക്കല്‍, പെയിന്റിങ്, സൗന്ദര്യവത്കരണം തുടങ്ങിയ അനുബന്ധ ജോലികളും തീര്‍ക്കുമെന്ന് കരാറുകാരന് യോഗത്തില്‍ അറിയിച്ചു.
2021 ഡിസംബറിലാണ് പാലം നിര്‍മാണം തുടങ്ങിയത്. അവലോകന യോഗത്തില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ്, എ.സി.പി കെ.ജി. സുരേഷ്, നഗരസഭ എന്‍ജിനീയര്‍ ഇ. ലീല എന്നിവര്‍ സംസാരിച്ചു.
‘ദേവസ്വവും സര്‍ക്കാറും കനിഞ്ഞു; ജീവനക്കാര്‍ക്ക് സമയമായില്ല’
ഗുരുവായൂർ: തിരുവെങ്കിടം അടിപ്പാതക്കായി ദേവസ്വം ഒമ്പത് സെന്റോളം ഭൂമി വിട്ടുനല്‍കിയതിന്റെ രേഖ ദേവസ്വം നഗരസഭക്ക് കൈമാറാന്‍ വൈകുന്നു. രേഖ ഉടന്‍ നല്‍കാമെന്നാണ് ഈ മാസം അഞ്ചിന് നടന്ന അവലോകന യോഗത്തില്‍ ദേവസ്വം പ്രതിനിധി എം.എല്‍.എയെ അറിയിച്ചിരുന്നത്. തിങ്കളാഴ്ച നടന്ന യോഗത്തിലും ഇത് തന്നെയാണ് ദേവസ്വം പ്രതിനിധി ആവര്‍ത്തിച്ചത്. ഇതോടെ എം.എല്‍.എ രോഷാകുലനായി.
ദേവസ്വം ഭരണസമിതിയും സര്‍ക്കാറും ദേവസ്വം കമീഷണറും എല്ലാം തീരുമാനമെടുത്തിട്ടും ആ ഉത്തരവ് നഗരസഭക്ക് കൈമാറാന്‍ ജീവനക്കാര്‍ക്ക് സമയമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം അഡ്മിനിസ്ട്രേറ്ററെ ബന്ധപ്പെട്ട് ഉത്തരവ് എത്രയും വേഗം നഗരസഭക്ക് കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഉത്തരവ് നഗരസഭക്ക് ലഭിച്ചാലേ അടിപ്പാതയില്‍ തുടര്‍ നടപടികള്‍ എടുക്കാനാവൂ.